ഗുരുവായൂർ: ക്ഷേത്ര നഗരമൊന്നാകെ ഒരു കതിർമണ്ഡപമായി. വിവാഹങ്ങളുടെ എണ്ണത്തിൽ ചരിത്രമുഹൂർത്തമായി മാറിയ ഞായറാഴ്ച 350 ഓളം വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നടന്നത്. പുലർച്ചെ നാലിന് ആറ് മണ്ഡപങ്ങളിലായി വിവാഹങ്ങൾ തുടങ്ങി.
താലി കെട്ടിനായി വധൂവരന്മാർ വരിനിൽക്കുകയായിരുന്നു. വരിനിന്ന് എത്തിയവർക്ക് പട്ടർ കുളത്തിന് സമീപത്തെ പന്തലിൽ ടോക്കൺ നൽകി. അവിടെ നിന്ന് ഊഴമനുസരിച്ച് മേൽപത്തൂർ ഓഡിറ്റോറിയത്തിലേക്ക് കടത്തി വിട്ടു. അവിടെ നിന്ന്കല്യാണ മണ്ഡപത്തിലേക്കും.
ഫോട്ടോഗ്രാഫർമാരടക്കം 24 പേരെ മാത്രമാണ് വധൂവരന്മാർക്കൊപ്പം മണ്ഡപത്തിലേക്ക് പ്രവേശിപ്പിച്ചത്. കൂവള മരച്ചുവട്ടിലും ചുമർ ചിത്രങ്ങൾക്കൊണ്ട് അലംകൃതമായ ക്ഷേത്ര മതിലിന് സമീപവും പട്ടർ കുള പരിസരത്തും തെക്കെ നടപ്പന്തലിലും പടിഞ്ഞാറെ നടയിലും ശ്രീവത്സത്തിലെ പുൽത്തകിടിയിലും ഗുരുവായൂർ കേശവന്റെയും പത്മനാഭന്റെയും പ്രതിമകളുടെ പരിസത്തുമെല്ലാം വധൂവരന്മാൻ ചിത്രങ്ങളെടുക്കാൻ നിരന്നതോടെ ക്ഷേത്ര നഗരിയൊന്നാകെ കതിർമണ്ഡപമായ പ്രതീതിയിലായി.