കൊല്ലം: ഓയൂരിൽ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തിയെന്ന വാർത്ത ഏറെ സന്തോഷം നൽകുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പോലീസും ജനങ്ങളും ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് കുഞ്ഞിനെ നമുക്ക് തിരിച്ചു കിട്ടിയതെന്നും, കുട്ടിയെ കണ്ടെത്താൻ തീവ്രശ്രമം നടത്തിയവർക്കെല്ലാം ബിഗ് സല്യൂട്ട് എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പോലീസിന്റെ നിരീക്ഷണം ഭേദിച്ചു കുഞ്ഞിനെ കടത്താനാകില്ല എന്നതാണ് പ്രതികൾ കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയാൻ കാരണം. പോലീസ് സേനക്ക് പ്രത്യേക അഭിനന്ദനങൾ. ഡോക്‌ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം എആർ ക്യാമ്പിൽ കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞിന് വിദഗ്‌ധ ചികിൽസ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേപോലെ, കുട്ടിയുടെ മാതാപിതാക്കൾക്ക് ആവശ്യമായ ആരോഗ്യപിന്തുണയും ഉറപ്പാക്കും. ആരോഗ്യ പ്രവർത്തകരായ മാതാപിതാക്കൾക്ക് ആവശ്യമുള്ള അവധി നൽകാൻ അവർ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവർ അവധി നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉച്ചക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്നാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതികൾ കടന്നുകളഞ്ഞതായി പോലീസ് സ്‌ഥിരീകരിച്ചു.
നാട്ടുകാരാണ് അബിഗേൽ സാറയെ മൈതാനത്ത് ആദ്യം കണ്ടത്. കുട്ടിയെ മൈതാനത്തെ ഒരു ബെഞ്ചിൽ ഇരുത്തിയ ശേഷം കൂടെയുണ്ടായിരുന്ന സ്‌ത്രീ ഓടിപ്പോകുന്നത് കണ്ടുവെന്ന് കുട്ടിയെ ആദ്യം കണ്ട കോളേജ് വിദ്യാർഥിനി ധനഞ്‌ജയ പറഞ്ഞു. ‘കുട്ടിയും സ്‌ത്രീയും മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ മരത്തിന് ചുവട്ടിൽ ഇരുന്നപ്പോൾ ഒരു സ്‌ത്രീ കുഞ്ഞിനെ അവിടെ വെച്ച് എഴുന്നേറ്റ് പോകുന്നത് കണ്ടു. കുറേനേരം കഴിഞ്ഞിട്ടും സ്‌ത്രീ തിരിച്ചുവരാതെ ഇരുന്നപ്പോൾ കുഞ്ഞിനെ ഉപേക്ഷിച്ചു പോയതാണെന്ന് മനസിലായി.
ഇതോടെ, ഇന്നലെ മാദ്ധ്യമങ്ങളിലും മറ്റും കണ്ട കുട്ടിയുടെ ഫോട്ടോ എടുത്ത് നോക്കി. അതുകണ്ടപ്പോഴാണ് കാണാതായ കുഞ്ഞിനെ പോലെ ഇരിക്കുന്നു. അവർ എവിടെ പോയെന്ന് ചോദിച്ചപ്പോൾ പപ്പയെ വിളിക്കാൻ പോയതാണെന്ന് പറഞ്ഞു. തുടർന്ന് അവിടെ ഉണ്ടായിരുന്നയാൾ പോലീസിനെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. ഏതാണ്ട് 30, 35 വയസ് പ്രായം തോന്നിക്കുന്ന സ്‌ത്രീയായിരുന്നു അത്. മഞ്ഞയും പച്ചയും കലർന്ന ചുരിദാറാണ് ധരിച്ചിരുന്നത്’- ധനഞ്‌ജയ പറഞ്ഞു.
വിദ്യാർഥിയുടെ മൊഴി പ്രകാരം സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇതിൽ നിന്നും യുവതി കുട്ടിയുമായി ആശ്രാമം മൈതാനത്ത് എത്തിയത് ഓട്ടോയിലാണെന്ന് മനസിലായി. ഈ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് തിരിച്ചറിയുകയും വിളിച്ചുവരുത്തുകയും ചെയ്‌തു. എന്നാൽ, തനിക്ക് യാതൊരു പരിചയവുമില്ലാത്ത യുവതിയാണ് ഓട്ടോയിൽ കുട്ടിയുമായി കയറിയതെന്നാണ് ഡ്രൈവറുടെ മൊഴി. ലിങ്ക് റോഡിൽ നിന്നാണ് ഇവർ ഓട്ടോയിൽ കയറിയതെന്നും ഡ്രൈവർ വ്യക്‌തമാക്കി. കുട്ടിയുടെ മുഖത്തും സ്‌ത്രീയുടെ മുഖത്തും മാസ്‌ക് ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്.