വാട്‌സ്ആപ്പില്‍ പരസ്യ വിതരണം ചെയ്യാന്‍ നീക്കം

വാട്‌സ്ആപ്പില്‍ പരസ്യ വിതരണം ചെയ്യാന്‍ നീക്കം

പരസ്യങ്ങളില്ല എന്നുള്ളതായിരുന്നു വാട്സ്ആപ്പ് ഉപയോഗിക്കുമ്പോഴുള്ള ഏകസമാധാനം. എന്നാല്‍ വാട്സ്ആപ്പ് വഴിയുള്ള പരസ്യവിതരണം അധികം വൈകാതെ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ് മാതൃകയില്‍ വാട്സ്ആപ്പ് സ്റ്റാറ്റസ് വഴി പരസ്യങ്ങള്‍ വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് കമ്പനിയെന്ന് വാബീറ്റ ഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്സ്ആപ്പിന്റെ ഐഓഎസ് പതിപ്പിലാണ് പരസ്യ സംവിധാനം അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

വാട്സ്ആപ്പ് വഴി പരസ്യലാഭമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഫെയ്സ്ബുക്ക് ഏറെ നാളുകളായി നടത്തിവരുന്നുണ്ട്. ഇതിനെ നിശിതമായി ഏതിര്‍ത്തിരുന്ന വാട്സ്ആപ്പ് സ്ഥാപകരായ ബ്രയാന്‍ ആക്ടനും ജാന്‍ കോമും ഫെയ്സ്ബുക്ക് അധികൃതരോടുള്ള വിയോജിപ്പറിയിച്ച് കഴിഞ്ഞ വര്‍ഷം കമ്പനിയില്‍ നിന്നും രാജിവെച്ചിരുന്നു.

വാട്സ്ആപ്പ് പരസ്യ രഹിതമായിരിക്കണം എന്ന നിലപാടുകാരായിരുന്നു സ്ഥാപകരായ ബ്രയാന്‍ ആക്ടനും ജാന്‍ കോമും പരസ്യങ്ങള്‍ക്ക് പകരം ഉപയോക്താക്കളില്‍ നിന്നും നിശ്ചിത തുക നേരിട്ട് ഈടാക്കാനായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് വാട്സ്ആപ്പ് സൗജന്യമാക്കി. 2014 ല്‍ ഫെയ്സ്ബുക്ക് വാട്സ്ആപ്പിനെ ഏറ്റെടുക്കുമ്പോഴും കോമും, ആക്ടനും ആവശ്യപ്പെട്ടതും വാട്സആപ്പിനെ പരസ്യ രഹിതമാക്കി നിലനിര്‍ത്തണം എന്നായിരുന്നു. എന്നാല്‍ അധികം വൈകാതെ ഫെയ്സ്ബുക്കിന്റെ തനിനിറം കാണിച്ചു. വാട്സ്ആപ്പിനേയും കച്ചവടവത്കരിക്കുക എന്ന നിലപാടിലുറച്ചു. ഇതേതുടര്‍ന്നാണ് സക്കര്‍ബര്‍ഗുമായി പിണങ്ങി വാട്സ്ആപ്പ് സ്ഥാപകര്‍ കമ്പനി വിട്ടത്.

വാട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തില്‍ വെള്ളം ചേര്‍ത്ത് തങ്ങളുടെ പരസ്യ വിതരണത്തിന് അനുകൂലമാക്കി മാറ്റാനാണ് ഫെയ്സ്ബുക്ക് ശ്രമിക്കുന്നത്. വാട്സ്ആപ്പ് സ്ഥാപകരുടെ എതിര്‍പ്പ് മറികടന്ന് വാട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്സ്ബുക്ക് ശേഖരിക്കുന്നുമുണ്ട്. പരസ്യവിതരണത്തിനായി വാട്സ്ആപ്പിലെ എന്റ് റ്റു എന്റ് എന്‍ക്രിപ്ഷനെ ദുര്‍ബലപ്പെടുത്താനും ഫെയ്സ്ബുക്ക് ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാട്സ്ആപ്പില്‍ പരസ്യങ്ങള്‍ നല്‍കുന്നതിന് പകരം. വാട്സ്ആപ്പ് ഉപയോഗത്തിന് ഉപയോക്താക്കളില്‍ നിന്നും നിശ്ചിത തുകയീടാക്കുകയെന്ന നിര്‍ദേശമാണ് വാട്സആപ്പ് സ്ഥാപകര്‍ മുന്നോട്ട് വെച്ചത്. ഒരു നിശ്ചിത എണ്ണം സൗജന്യ സന്ദേശങ്ങള്‍ക്ക് ശേഷം ഒരോ സന്ദേശത്തിനും ഒരു തുക ഈടാക്കുക എന്നതായിരുന്നു അത്. എന്നാല്‍ വാട്സ്ആപ്പ് അത് അംഗീകരിച്ചില്ല.

അതിനിടെ സാമ്പത്തിക ലാഭമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ വ്യവസായ സ്ഥാപനങ്ങള്‍ക്കായി വാട്സ്ആപ്പ് ബിസിനസ് ആപ്പ് സേവനം ആരംഭിച്ചിരുന്നു. ഒടുവിലാണ് വാട്സ്ആപ്പ് സ്റ്റാറ്റസിനെ പരസ്യവിതരണത്തിനായി ഉപയോഗിക്കാനുള്ള നീക്കത്തിനാണ് കമ്പനിയെന്ന വാര്‍ത്ത വരുന്നത്.

Back To Top
error: Content is protected !!