ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അനധികൃതമായി നിര്‍മ്മിച്ച സൂപ്പര്‍ടെക് ഇരട്ടകെട്ടിടങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30 നാണ് സ്ഫോടനം നടത്തിയത്. ഒമ്പത് സെക്കന്‍ഡിനുള്ളില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നുവീണു.
അപെക്സ്, സിയാന്‍ എന്നിങ്ങനെയാണ് കെട്ടിടങ്ങളുടെ പേരുകള്‍. നോയിഡ സെക്ടറിലെ 93 എയിലാണ് കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നത്. 103 മീറ്ററാണ് ഉയരം. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചുനീക്കിയത്. ഇതുസംബന്ധിച്ച ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവയ്ക്കുകയായിരുന്നു.
ചതുരശ്രയടിക്ക് 933 രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. ആകെ 7.5 ലക്ഷം ചതുരശ്രയടിയാണ് കെട്ടിടങ്ങള്‍. ചതുരശ്രയടിക്ക് 267 രൂപ ചെലവില്‍ 70 കോടി രൂപയാണ് കെട്ടിടം പൊളിക്കാന്‍ ചെലവ്. ഇതിന് പുറമേ 4000 ടണ്‍ സ്റ്റീല്‍ ഉള്‍പ്പെടെ 55,000 ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും 15 കോടി രൂപയുടെ അടുത്ത് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാന്‍ മൂന്ന് മാസമെങ്കിലും ആവശ്യമായി വരും. 3700 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് കെട്ടിടം തകര്‍ക്കാന്‍ ഉപയോഗിക്കുന്നത്. കേരളത്തിലെ മരടിലും കെട്ടിടനിര്‍മ്മാണച്ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയിരുന്നു.
സമീപകെട്ടിടങ്ങളില്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. ഗ്രേറ്റര്‍ നോയിഡ അതിവേഗപാതയില്‍ മുപ്പത് മിനിറ്റ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. സമീപത്തെ കെട്ടിടങ്ങള്‍ പൊടിപടലം പ്രതിരോധിക്കുന്ന തരത്തിലുള്ള തുണി ഉപയോഗിച്ച് മൂടി. ഒരു നോട്ടിക്കല്‍ മൈല്‍ ദൂരത്തോളം നോണ്‍-ഫ്‌ളൈ സോണായി പ്രഖ്യാപിച്ചു. സമീപത്തെ കെട്ടിടങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടം കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് 100 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്നു.
പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം വിന്യസിച്ചിരുന്നു. തീപിടിത്തം പ്രതിരോധിക്കാന്‍ വാട്ടര്‍ ടാങ്കറുകളും അഗ്നിസുരക്ഷാ സേനയെയും വിന്യസിച്ചു. നാല്പതോളം തെരുവ് നായകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇന്ധന, വൈദ്യുതി വിതരണം നിര്‍ത്തിവച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ തയ്യാറാകണമെന്ന് ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
നഷ്ടം 500 കോടി
ന്യൂഡല്‍ഹി: കെട്ടിടങ്ങള്‍ പൊളിക്കുന്നതിനായി 500 കോടി രൂപയുടെ നഷ്ടമുണ്ടായതായി സൂപ്പര്‍ടെക്. സുപ്രീം കോടതി വിധി മാനിച്ച് പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കിയതായും സൂപ്പര്‍ടെക് അറിയിച്ചു. സ്ഫോടനം നടത്തി ഒരു മണിക്കൂറിനുള്ളിലാണ് സൂപ്പര്‍ടെക് പ്രസ്താവന നടത്തിയത്.
നോയിഡ ഡെവലപ്മെന്റ് അതോറിട്ടിയുടെ അനുമതിയോടെയാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. കെട്ടിടങ്ങള്‍ തകര്‍ത്തത് കമ്പനിയുടെ മറ്റ് നിര്‍മ്മാണപദ്ധതികളെ ബാധിക്കില്ലെന്നും സൂപ്പര്‍ടെക് അറിയിച്ചു.
ഉറങ്ങിപ്പോയ അയല്‍വാസി
കര്‍ശന സുരക്ഷാ മുന്നൊരുങ്ങളോടെയാണ് പൊളിക്കല്‍ നടപടി ആസൂത്രണം ചെയ്തത്. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വെള്ളിയാഴ്ച തന്നെ മാറി താമസിച്ചിരുന്നു. നാളെ മാത്രമേ ഇവര്‍ക്ക് തിരിച്ചുവരാന്‍ അനുവാദമുള്ളു.
ഇതിനിടയ്ക്കാണ് സമീപത്തുള്ള എമറാള്‍ഡ് കോര്‍ട്ട് അപ്പാര്‍മെന്റിലുള്ള ഒരാള്‍ ഒഴിഞ്ഞിട്ടില്ലെന്ന് സുരക്ഷാ ജീവനക്കാരന്‍ മുന്നറിയിപ്പ് നല്‍കിയത്. ഇതേതുടര്‍ന്ന് പ്രത്യേക ദൗത്യസംഘം എത്തിയപ്പോള്‍ ഇദ്ദേഹം ഉറക്കത്തിലായിരുന്നു. പുലര്‍ച്ചെ ഏഴുമണിയോടെ ഇയാളെയും ഇവിടെ നിന്ന് ഒഴിപ്പിച്ചു