പട്ന : ഫുൽവാരി ഷെരീഫിൽ പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലന ക്യാംപിനു നേതൃത്വം നൽകിയ കേരളത്തിലും തമിഴ്നാട്ടിലും നിന്നുള്ള പരിശീലകരെ തിരിച്ചറിയാനായി ഇരു സംസ്ഥാനങ്ങളിലെയും പൊലീസിന്റെ സഹായം തേടിയതായി പട്ന സീനിയർ പൊലീസ് സൂപ്രണ്ട് എം.എസ്.ധില്ലൻ. ഈ മാസം ആറിനും എട്ടിനും ഫുൽവാരി ഷെരീഫിൽ നടന്ന ഗൂഢാലോചനയിലും കേരളത്തിലും തമിഴ്നാട്ടിലും നിന്നുള്ള ആയുധ പരിശീലകർ പങ്കെടുത്തിരുന്നു. ഇവരുൾപ്പെട്ട വിഡിയോകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിഡിയോയിൽ നിന്നുള്ള ഫോട്ടോകൾ കേരള, തമിഴ്നാട് പൊലീസിനു കൈമാറുമെന്നും ധില്ലൻ പറഞ്ഞു.
ബിഹാറിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരണം നടത്തിയ ഫുൽവാരി ഷെരീഫ് സ്വദേശി അർമാനെ പൊലീസ് അറസ്റ്റു ചെയ്തു. ഫണ്ട് സമാഹരണത്തിനു പുറമെ ക്യാംപുകളും യോഗങ്ങളും സംഘടിപ്പിച്ചതും ഇയാളാണ്. കൊലക്കേസ് പ്രതിയായ അർമാൻ ജാമ്യത്തിലായിരുന്നു. കഴിഞ്ഞ ദിവസം അത്തർ പർവേസ്, മുഹമ്മദ് ജലാലുദ്ദീൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
2013ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്ന തിരഞ്ഞെടുപ്പു റാലിക്കിടെ സ്ഫോടനങ്ങൾ നടത്തിയ കേസിൽ പർവേസ് പ്രതിയായിരുന്നു. അറസ്റ്റിലായവരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രത്യേക സംഘങ്ങൾ പട്ന, മുസഫർപുർ, മോതിഹാരി എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ ഓഫിസുകളിൽ റെയ്ഡുകൾ നടത്തി രേഖകളും മറ്റും പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സഹായം തേടിയതായും ധില്ലൻ അറിയിച്ചു.
നരേന്ദ്ര മോദി 12നു പട്ന സന്ദർശിച്ചപ്പോൾ പട്ന കാർഗിൽ ചൗക്കിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പൊലീസിനെ വെട്ടിച്ചു പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാനും പോപ്പുലർ ഫ്രണ്ട് പരിപാടിയിട്ടിരുന്നു. തലേദിവസം ഫുൽവാരി ഷെറീഫിൽ രണ്ടു പോപ്പുലർ ഫ്രണ്ടുകാർ അറസ്റ്റിലാകുകയും നിരവധി പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെയാണ് പരിപാടി ഉപേക്ഷിച്ചതെന്ന് ധില്ലൻ പറഞ്ഞു. പാക്കിസ്ഥാൻ ബന്ധമുള്ള ‘ഗജ്വ ഇ ഹിന്ദ്’ ഭീകര സംഘടനയുടെ പട്നയിലെ സ്ലീപ്പർ സെൽ അംഗം താഹിറിനെയും ബിഹാർ പൊലീസ് പട്ന ഫുൽവാരി ഷെറീഫിൽ നിന്ന് അറസ്റ്റ് ചെയ്തു.