ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ എന്ന ഖ്യാതിയോടെ വാസിറാനി ശൂല്‍ സെപ്റ്റംബര്‍ 26-ന് മുംബൈയില്‍ അവതരിപ്പിക്കും. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാസിറാനി ഓട്ടോമോട്ടീവില്‍ നിന്നാണ് ശൂലിന്റെ പിറവി. ഈ വര്‍ഷം തുടക്കത്തില്‍ ഇംഗ്ലണ്ടില്‍ നടന്ന ഗുഡ് വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡിലാണ് വാസിറാനി ശൂല്‍ ഹൈപ്പര്‍ കാര്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.
വാസിറാനി ഓട്ടോമോട്ടീവിന്റെ മുഖ്യ ഡിസൈനറും സഹസ്ഥാപകനുമായ ചങ്കി വാസിറാനിയാണ് ശൂലിനെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. നേരത്തെ ജഗ്വാര്‍, ലാന്‍ഡ് റോവര്‍, റോള്‍സ് റോയ്‌സ് എന്നീ മുന്‍നിര കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളാണ് ചങ്കി വാസിറാനി. സഹാറ ഫോഴ്‌സ് ഇന്ത്യ ഫോര്‍മുല വണ്‍ ടീമിന്റെയും ടയര്‍ നിര്‍മാതാക്കളായ മിഷെലുമായി സഹകരിച്ചാണ് ഈ ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ വാസിറാനി നിര്‍മിച്ചെടുത്തത്.
ഉയര്‍ന്ന വേഗതയെക്കാള്‍ ഹൈപ്പര്‍ കാറിന്റെ നിയന്ത്രണ മികവിന് മുന്‍തൂക്കം നല്‍കിയാണ് ശൂലിന്റെ നിര്‍മാണം. വാഹനത്തിന്റെ ഭാരം പരമാവധി കുറയ്ക്കാന്‍ സ്‌പോര്‍ട്ടി ഡിസൈനില്‍ കാര്‍ബണ്‍ ഫൈബര്‍ നിര്‍മിതമാണ് ശൂലിന്റെ ബോഡി. മക്ലാരന്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ എന്നീ കാറുകളോട് കിടപിടിക്കുന്ന ഡിസൈനാണ് ശൂലിന്റെ പ്രധാന ആകര്‍ഷണം. അത്യാധുനിക ഫീച്ചേഴ്‌സ് വാഗ്ദ്ധാനം ചെയ്യുന്നതാണ് അകത്തളവും.
ജെറ്റ് ടര്‍ബൈന്‍-ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിലുള്ളത്. നാലു വീലുകളിലേക്കും നാല് ഇലക്ട്രിക് മോട്ടോറുകള്‍ കരുത്ത് പകരും. 300 കിലോഗ്രാം മാത്രമായിരിക്കും ബാറ്ററിയുടെ ഭാരം. മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച പൂര്‍ണമായ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.