ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വേഷം മാറി മിന്നൽ പരിശോധനയ്‌ക്ക് എത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ചു. ഓക്‌സിജൻ പ്ലാന്റ് ഉൾപ്പെടെയുള്ള ആശുപത്രിയിലെ നാല് സൗകര്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ആശുപത്രിയുടെ യഥാർത്ഥ അവസ്ഥ അറിയാൻ ആശുപത്രിയിൽ വേഷം മാറിയെത്തിയ തന്നെ പ്രവേശന കവാടത്തിൽ വെച്ച് സുരക്ഷാ ജീവനക്കാരൻ ഇടിക്കുയായിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്.
ആശുപത്രിയിലെ ബെഞ്ചിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ ആക്ഷേപിച്ചതായും മന്ത്രി വെളിപ്പെടുത്തി. നിരവധി രോഗികൾക്ക് സ്ട്രെച്ചറുകളും മറ്റ് വൈദ്യ സഹായങ്ങളും ലഭിക്കുന്നതിൽ പ്രശ്‌നങ്ങൾ നേരിടുന്നതായും അദ്ദേഹം പറഞ്ഞു. തന്റെ മകന് വേണ്ടി ഒരു സ്‌ട്രെക്ച്ചർ എടുക്കണമെന്ന് സെക്യൂരിറ്റിയോട് ആവശ്യപ്പെടുന്ന സ്ത്രീയുടെ അവസ്ഥ സഹിതം വിശദീകരിച്ചായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.
സെക്യൂരിറ്റി ജീവനക്കാരുടെ പെരുമാറ്റത്തിൽ താൻ തൃപ്തനല്ല. 15,00 ജീവനക്കാരുള്ള ആശുപത്രിയിൽ ഒരു സെക്യൂരിറ്റി പോലും വൃദ്ധയെ സഹായിക്കാൻ തയ്യാറായില്ല. ഇത്തരം അവസ്ഥ ഒരു ആശുപത്രികളിലും ഉണ്ടാകരുതെന്നും ഇത് അനുവദിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി ഇക്കാര്യം കേട്ടപ്പോൾ വളരെ അസ്വസ്ഥനായി. സെക്യൂരിറ്റിയെ സസ്‌പെൻഡ് ചെയ്‌തോ എന്ന് ചോദിച്ചുവെന്നും മന്ത്രി പറഞ്ഞു.എന്നാൽ ഇത് ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമല്ലെന്നും ആശുപത്രിയിലെ ജീവനക്കാരുടെ എല്ലാം അവസ്ഥ ഇതാണെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ബോധിപ്പിക്കുകയും ചെയ്തു.