ആലപ്പുഴ: കോവിഡ് ഡ്യൂട്ടിക്കിടയില്‍ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ രാജി. രാജിവെയ്ക്കുകയാണെന്ന് രാഹുല്‍ മാത്യു ഫേസ്ബുക്കിലൂടെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രനാണ് ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. ചികിത്സയില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
മെയ് 14നാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ സിപിഒ അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ മാതാവിന് ഗുരുതരമായി കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഇതേ തുടര്‍ന്ന് മാതാവിന്റെ മരണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് അഭിലാഷ് ആശുപത്രിയില്‍ എത്തി രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. സംഭവത്തില്‍ അഭിലാഷിനെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്. എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് രാജി വെച്ചിരിക്കുന്നത്.
ഉമ്പർനാട് അഭിലാഷ് ഭവനം ലാലിയാണ് മരിച്ചത്. ലാലിയുടെ മകനും സിവിൽ പൊലീസ് ഓഫിസറുമായിരുന്ന അഭിലാഷ് ഡോ. രാഹുലിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. അഭിലാഷിനെ കസ്റ്റഡിയിൽ എടുക്കാത്തതിനെ തുടർന്ന് കെജിഒഎംഒയുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നിരുന്നു.