കോഴിക്കോട് : പാലോത്ത് താഴെ പുഴയോരത്ത് മാലിന്യം തള്ളുന്നവരെ മാലിന്യക്കൂമ്പാരം പരിശോധിച്ച് കണ്ടെത്തി. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എം.പി. റജുലാലിന്റെയും ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ്ബാബു എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യ ക്കൂമ്പാരങ്ങൾ പരിശോധിച്ചത്. പരിശോധനയിൽ മാലിന്യങ്ങൾക്കുള്ളിൽനിന്നും ഡോക്ടറുടെ ശീട്ട് ലഭിച്ചു. കല്ലാച്ചി സ്വകാര്യ ആശുപത്രിയിലെ ശീട്ടായിരുന്നു അത്. ആ ശീട്ടുംകൊണ്ട് ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പരിശോധിച്ച് ആളെ തിരിച്ചറിഞ്ഞു. ഫോൺ ചെയ്തപ്പോൾ ശീട്ട് സ്ത്രീയുടെതാണെന്ന് കണ്ടെത്തി. മകളുടെ വീട്ടിൽ താമസിക്കാൻ വന്നതായും മാലിന്യം തള്ളിയതായും സ്ത്രീ സമ്മതിച്ചു. തുടർന്ന് കാൽലക്ഷം രൂപ പിഴയിട്ടു. നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട പാലോത്ത് താഴെപുഴയോരത്ത് മാലിന്യ നിക്ഷേപിക്കുന്നവരെ ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തെത്തുടർന്ന് കണ്ടെത്തിയത്. ക്ലീൻ നാദാപുരം പദ്ധതിയുടെ ഭാഗമായി പുഴ, തോട്, ഒഴിഞ്ഞ സ്ഥലങ്ങൾ, പാതയോരങ്ങൾ എന്നിവിടങ്ങളിലെ മാലിന്യംനിക്ഷേപം കണ്ടെത്തുന്നതിന് നാദാപുരം ഗ്രാമപ്പഞ്ചായത്ത് സമഗ്രപദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.