തിരുവനന്തപുരം : വിമർശനങ്ങൾക്ക് പിന്നാലെ ഇസ്രായേലിൽ പലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യയ്ക്ക് ആദരാജ്ഞലികൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി സൗമ്യയുടെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തിയത്. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൗമ്യയുടെ ദു:ഖത്തിൽ അനുശോചിക്കുക പോലും ചെയ്യാതെ മൗനം പാലിക്കുകയായിരുന്ന മുഖ്യമന്ത്രിയ്‌ക്കെതിരെ രാവിലെ മുതൽ തന്നെ രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്. സൗമ്യയ്ക്ക് അനുശോചനം രേഖപ്പെടുത്തുന്നവർക്കെതിരെ സൈബർ സഖാക്കളും മതമൗലിക വാദികളും വ്യാപക സൈബർ ആക്രമണം നടത്തിയിരുന്നു. ഇതിന്റ പശ്ചാത്തലത്തിലുള്ള മുഖ്യമന്ത്രിയുടെ മൗനം ഭയന്നിട്ടാണെന്നായിരുന്നു പ്രധാന വിമർശനം.
ഇതിനിടെ മുഖ്യമന്ത്രി നഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച കുറിപ്പിൽ സൗമ്യയ്ക്ക് ആദരാഞ്ജലി അറിയിച്ചിരുന്നു. എന്നാൽ ഈ ഭാഗം പിന്നീട് നീക്കം ചെയ്തിരുന്നു. ഇതിൽ പരിഹാസങ്ങളും, വിമർശനങ്ങളും ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി ആദരാഞ്ജലി അറിയിച്ചത്.
ഇസ്രയേലിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചു വരികയാണ്. അതിനായി ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ സഞ്ജീവ് സിംഗ്ലയുമായി നോർക്കയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ ബന്ധപ്പെട്ടിട്ടുണ്ട്. അവിടുത്തെ പ്രാദേശിക ഭരണസംവിധാനവുമായി ഇന്ത്യൻ എംബസ്സി ബന്ധപ്പെട്ടു കഴിഞ്ഞിട്ടുണ്ട് എന്ന് അംബാസഡർ അറിയിച്ചു. സൗമ്യയുടെ അകാല വിയോഗത്തിൽ കുടുംബത്തിന് ആശ്വാസമേകാനുതകുന്ന വിധത്തിൽ നഷ്ടപരിഹാരം നേടിയെടുക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു, ആദരാഞ്ജലികൾ അർപ്പിക്കുന്നു.- പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. സൗമ്യയുടെ ചിത്രം സഹിതമായിരുന്നു കുറിപ്പ്.