മുക്കം: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെന്ന വ്യാജേന കിടപ്പുരോഗികളുടെ വീടുകളിലെത്തി സഹായവാഗ്ദാനം ചെയ്ത് മോഷണം നടത്തിയ പെരുമണ്ണ പൂവാട്ടുപറമ്ബ് കന്മനമീത്തല്‍ പ്രശാന്തിനെ (38) മുക്കം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഫെബ്രുവരി 18നു മുക്കം അഗസ്ത്യന്മുഴിയിലുള്ള രണ്ടുവീടുകളിലെത്തുകയും പ്രായമായ ദമ്ബതികള്‍ താമസിക്കുന്ന വീട്ടില്‍നിന്നും സഹായ വാഗ്ദാനം നല്കി ഒന്നര പവനോളം തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു.
താമരശ്ശേരി ഡിവൈ.എസ്പി എന്‍.സി. സന്തോഷിന്റെ നിര്‍ദേശപ്രകാരം മുക്കം ഇന്‍സ്പെക്ടര്‍ എസ്.നിസാമിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തിനുള്ളിലാണ് പ്രതിയെ പിടികൂടിയത്. മാല നഷ്ടപ്പെട്ട വീട്ടിലെ വയോധികയില്‍നിന്നും വിശദമായ മൊഴിയെടുത്തതില്‍നിന്നും സമാനമായ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതിയെകുറിച്ചുള്ള അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു.മുക്കത്തെ സ്വകാര്യബാറിനു സമീപത്തുനിന്നും പ്രതിയെ പിടികൂടുകയായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കേസുള്ളതായി പ്രതി സമ്മതിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ വേറെ എവിടെയെങ്കിലും മോഷണം നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മുക്കം പൊലീസ് അറിയിച്ചു.
കൃത്യം നടത്താനായി ഉപയോഗിച്ച ബുള്ളറ്റ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.എസ്.ഐ കെ. രാജീവന്, എ.എസ്.ഐ സലീം മുട്ടത്ത്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷെഫീഖ് നീലിയാനിക്കല്‍, സുഭാഷ്, ശിവശങ്കരന് എന്നിവരും അടങ്ങിയതാണ് അന്വേഷണ സംഘം.