തിരുവനന്തപുരം; രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡും കടന്ന് റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.തിരുവനന്തപുരത്ത് പെട്രോള്‍ വില 91 രൂപ കടന്നു. ഡീസല്‍ വില 86നടുത്തെത്തി. ദില്ലിയില്‍ ഇന്ന് പെട്രോളിന് 89.29 രൂപയും ഡീസലിന് 79.70 പൈസയുമാണ് വില. മുംബൈയില്‍ പെട്രോളിന് 95.46 രൂപയും ഡീസലിന് 86.34 രൂപയുമായി വില.
അതേസമയം മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ ഇന്ധന വില 100 കടന്നു.ജില്ലയില്‍ ഇന്ധനവില 100 രൂപ കടന്നതോടെ നഗരത്തിലെ നിരവധി പമ്പുകൾ താല്‍കാലികമായി അടച്ചു പൂട്ടി. മൂന്ന് ഡിജിറ്റ് സംവിധാനമുള്ള ഡിജിറ്റല്‍ പാനല്‍ സൗകര്യം പമ്പിങ് മെഷിനില്‍ ഇല്ലാത്തതിനാലാണ് പമ്പുകൾ അടച്ചു പൂട്ടിയത്. ഇന്ധനവില വര്‍ധന അവശ്യസാധനങ്ങളുടെ വിലയേയും ബാധിച്ചിട്ടുണ്ട്. വരു ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പെട്രോള്‍,ഡീസല്‍,പാചക വാതക വിലവര്‍ധനവിനെതിരെ രാജ്യത്താകമാനം പ്രതിഷേധം കനക്കുകയാണ്. സോഷ്യല്‍ മീഡിയയിലും മറ്റും വലിയ വിമര്‍ശനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഉയരുന്നത്. സാധരണക്കാരെ ഏറെ ബാധിക്കുന്ന ഇന്ധനവില വര്‍ധനവിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്രം ഇതുവരെയും തയാറായിട്ടില്ല. അയല്‍ രാജ്യങ്ങളില്‍ ലിറ്ററിന് 60 രൂപയില്‍ താഴെ വിലക്ക് പെട്രോള്‍ ലഭ്യമാകുമ്പോഴാണ് രാജ്യത്തെ പെട്രോള്‍ വില 100ല്‍ എത്തി നില്‍ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ബിജെപി സര്‍ക്കാരിനെതിരെ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്.