മുക്കം : വിവിധ കേസുകളിൽപ്പെട്ട് ഇരുപത് വർഷത്തിലേറെയായി മുക്കം പോലീസ് സ്റ്റേഷൻ പരിസരത്തു കിടന്നിരുന്ന വാഹനങ്ങൾ ലേലം ചെയ്തു തുടങ്ങി. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസിന്റെ നിർദേശപ്രകാരം മുക്കം ഇൻസ്പെക്ടർ എസ്. നിസാമിന്റെ നേതൃത്വത്തിലാണ് ലേലംചെയ്ത വാഹനങ്ങൾ സ്റ്റേഷനിൽനിന്ന് നീക്കം ചെയ്യുന്നത്. ഇരുപത് വർഷത്തിലധികമായി സ്റ്റേഷൻ പരിസരത്ത് കെട്ടിക്കിടക്കുന്ന നൂറോളം വാഹനങ്ങളാണ് ലേലംചെയ്തത്. റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ലേലത്തിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് വാഹനങ്ങൾ ലേലത്തിൽ വാങ്ങിയത്. ബാക്കിയുള്ള വാഹനങ്ങൾ കൂടി എത്രയും പെട്ടെന്ന് ലേലം ചെയ്യുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു. മുക്കം പോലീസ് സ്റ്റേഷന് പുതിയ ബഹുനിലക്കെട്ടിടം പണിയാൻ അനുമതി നൽകി കഴിഞ്ഞ വർഷം സർക്കാർ ഉത്തരവിറക്കിയിരുന്നു. പുതിയ കെട്ടിടം പണിതുടങ്ങുന്നതിനു മുൻപ് കേസിൽ ഉൾപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നത് കെട്ടിട നിർമാണ പ്രവൃത്തി സുഗമമാക്കുന്നതിനു സഹായകമാകും.