പാടത്തോ പറമ്പിലോ അടുക്കള തോട്ടത്തിലോ ടെറസിലോ ഒക്കെ നട്ടുവളര്‍ത്താന്‍ എളുപ്പമുള്ള ഒന്നാണ് മത്തങ്ങ. തണല്‍ വേണ്ടയിടങ്ങളിലാണെങ്കില്‍ വള്ളി പോലെ പടര്‍ത്തിയും കൃഷി ചെയ്യാം. രാസവളങ്ങളൊന്നും ചേര്‍ക്കേണ്ട ആവശ്യമില്ല. പൂര്‍ണമായും ജൈവകൃഷി രീതിയിലൂടെ വിളയിച്ചെടുക്കാം.
നടേണ്ട രീതി
കൃഷി ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം നല്ലതുപോലെ കിളച്ച്, കളകള്‍ മാറ്റി തീയിട്ടതിനുശേഷം മഴക്കാലത്ത് കൂന കൂട്ടിയും വേനല്‍ക്കാലത്ത് തടമെടുത്തുമാണ് കൃഷിചെയ്യേണ്ടത്. രണ്ട് മീറ്റര്‍ ഇടയകലം നല്‍കി വരികള്‍ തമ്മില്‍ നാലര മീറ്റര്‍ അകലത്തില്‍ നിര്‍മ്മിക്കുന്ന തടങ്ങളില്‍ വിത്തുകള്‍ വിതയ്ക്കാം. ഇതല്ലെങ്കില്‍ വിത്തുകള്‍ പാകി തൈകള്‍ മുളപ്പിച്ചും മാറ്റി നടാവുന്നതാണ്. വിത്തുകള്‍ നടുന്നതിന് മുന്‍പ് ആറു മണിക്കൂര്‍ വെള്ളത്തില്‍ മുക്കി വക്കുന്നത് നല്ലതാണ്. കുഴികളില്‍ പച്ചില വളമോ ചാണകമോ മേല്‍മണ്ണുമായി കലര്‍ത്തി ഒരു തടത്തില്‍ നാലോ അഞ്ചോ വിത്തുകള്‍ നടാന്‍ സാധിക്കും. വിത്ത് മുളച്ചു വന്നതിനു ശേഷം ബലമുള്ള രണ്ടോ മൂന്നോ തൈകള്‍ ഒഴികെ ബാക്കിയുള്ളവ പിഴുതുമാറ്റണം. മണ്ണും മണലും ചാണകവുമായി കൂട്ടിക്കലര്‍ത്തി പോളിത്തീന്‍ കവറുകളിലും വിത്തുകള്‍ നടാം. ഇങ്ങനെ നടുന്ന വിത്തുകള്‍ മുളച്ച് രണ്ടില പരുവമാകുമ്പോള്‍ കവര്‍ പൊട്ടിച്ച് വേര് പൊട്ടാതെ ഉണ്ടാക്കപ്പെട്ടിട്ടുള്ള തടങ്ങളിലേക്ക് മാറ്റി നടാം. നടുമ്പോള്‍ നല്ല രീതിയില്‍ വളം നല്‍കണം. ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ടം, കോഴി വളം, എല്ലുപൊടി, ഉണങ്ങി പൊടിച്ച കരിയില, വേപ്പിന്‍ പിണ്ണാക്ക് ഇവ ഉപയോഗിക്കം.
അമ്പിളി, സരസ്, അര്‍ക്കാ സൂര്യമുഖി, അര്‍ക്ക ചന്ദ്രന്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട മത്തന്‍ ഇനങ്ങള്‍. അമ്പിളിയാണ് കൂട്ടത്തില്‍ ഏറ്റവും മികച്ചത്. വലിയ കായകള്‍ ഉണ്ടാകുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്.
ശ്രദ്ധിക്കേണ്ടത്
മത്തന്‍ പൂവിട്ടു തുടങ്ങുമ്പോള്‍ കപ്പലണ്ടി പിണ്ണാക്ക് (കടല പിണ്ണാക്ക്) തടത്തില്‍ ഇട്ടുകൊടുക്കുന്നത് നല്ലതാണ്. കടല പിണ്ണാക്ക് നേരിട്ട് മണ്ണില്‍ ഇട്ടാല്‍ ഉറുമ്പ് കൊണ്ടുപോകും. അതൊഴിവാക്കാന്‍ രണ്ട് മൂന്ന് ദിവസം വെള്ളത്തില്‍ ഇട്ടുവച്ച ശേഷം ചുവട്ടില്‍ നിക്ഷേപിച്ചാല്‍ മതി. ഇടയ്ക്കിടെ മത്തന്റെ നാമ്പ് നുള്ളി വിടുന്നത് കൂടുതല്‍ തണ്ടുകള്‍ ഉണ്ടാകാന്‍ സഹായിക്കും. കൂടുതല്‍ വളര്‍ച്ചയുമുണ്ടാകും. മത്തനെ ആക്രമിക്കുന്ന പ്രധാന ശത്രു കായീച്ച ആണ്. ഉണങ്ങിയ കരിയില കൊണ്ട് മൂടി മത്തന്‍ കായകള്‍ സംരക്ഷിക്കാം.