ഔട്ട്‌ലാന്‍ഡറിന് പിന്നാലെ പജേറോ സ്‌പോര്‍ടിനെ പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ മിത്സുബിഷി മൂന്നാംതലമുറ പജേറോ സ്‌പോര്‍ട്ടിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കുമെന്നാണ് കമ്പനി വക്താവ് പറയുന്നത്. അടുത്തവര്‍ഷം ആദ്യപാദം എസ്‌യുവിയെ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ പൂര്‍ണ്ണ ഇറക്കുമതി മോഡലായാകും പജേറോ സ്‌പോര്‍ട് വിപണിയില്‍ എത്തുക.
നാലു വീല്‍ ഡ്രൈവും പ്രത്യേക ഓഫ്‌റോഡ് മോഡും പുതിയ പജേറോ സ്‌പോര്‍ടിന്റെ പ്രധാന വിശേഷങ്ങളാണ്. വലിയ ഗ്രില്ലും മൂര്‍ച്ച അനുഭവപ്പെടുന്ന ഹെഡ്‌ലാമ്പുകളും പുതിയ പജേറോ സ്‌പോര്‍ടിന്റെ മുഖഭാവത്തെ കാര്യമായി സ്വാധീനിക്കും. ഗ്രില്ലിലും, ബമ്പറിലും പടര്‍ന്നൊഴുകുന്ന ക്രോം അലങ്കാരം എസ്‌യുവിയുടെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.
ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇരട്ട സോണുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, തുകല്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിവ ഉള്ളില്‍ പ്രതീക്ഷിക്കാം. സുരക്ഷയ്ക്ക് വേണ്ടി ഏഴു എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, വൈദ്യുത ഹാന്‍ഡ്‌ബ്രേക്ക് തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ പുതിയ പജേറോ സ്‌പോര്‍ടില്‍ ഒരുക്കും.
2.4 ലിറ്റര്‍ MIVEC ഡീസല്‍ എഞ്ചിന്‍ പജേറോ സ്‌പോര്‍ടില്‍ തുടിക്കുമെന്നാണ് വിവരം. എഞ്ചിന്‍ 178 bhp കരുത്തും 430 Nm torque ഉം പരമാവധി സൃഷ്ടിക്കും. എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.