കോടഞ്ചേരി സെയ്ന്റ് ജോസഫ് എൽ.പി. സ്കൂൾ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കൽ അലീനാ ബെന്നിയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിയമനാംഗീകാരം കിട്ടാത്തതിനാൽ ശമ്പളം കിട്ടിയിരുന്നില്ലെന്നും ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
നിയമനത്തിനായി അലീനയുടെ പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ല അലീനയെ പോലെ നിരവധി അധ്യാപകർ കോർപ്പറേറ്റ് മാനേജ്മെന്റുകൾ കീഴിൽ ജോലി ചെയ്യുന്നുണ്ട്. മാനേജ്മെന്റ് സ്വന്തം നിലയിൽ അലീനയ്ക്ക് താൽക്കാലിക ധനസഹായം നൽകിയിരുന്നു എന്നും മാനേജ്മെന്റ് വിശദീകരിക്കുന്നു.
ദീർഘകാല അവധിയിലായിരുന്ന അധ്യാപിക ജോലിയിൽനിന്ന് രാജിവെച്ചുണ്ടായ ഒഴിവിൽ 2021-ൽ മാനേജ്‌മെന്റ് അലീനാ ബെന്നിയെ നിയമിച്ച് താമരശ്ശേരി എ.ഇ.ഒ.യിൽ അംഗീകാര അപേക്ഷ നൽകിയിരുന്നെങ്കിലും ഭിന്നശേഷി സംവരണം അടക്കമുള്ള സാങ്കേതികതടസ്സങ്ങളാൽ വിദ്യാഭ്യാസവകുപ്പിന്റെ നിയമനാംഗീകാരം ലഭിച്ചിരുന്നില്ല. നിയമനാംഗീകാരം നേടിയെടുക്കാൻ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടൽ നടന്നില്ലെന്നും പിതാവ് ബെന്നി വളവനാനിക്കൽ ആരോപിച്ചു.
ബുധനാഴ്ച പകൽ സ്കൂളിലെത്താതിരുന്ന അധ്യാപികയെ ഫോണിൽവിളിച്ച് കിട്ടാതെവന്നതോടെ പ്രധാനാധ്യാപകൻ വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈകീട്ട് വീട്ടിലെ കിടപ്പുമുറിയിൽ ഉത്തരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ അലീനയെ കണ്ടെത്തിയത്.