വീട്ടമ്മയെ കെട്ടിയിട്ട് മർദിച്ച് നാലം​ഗസംഘം പണവും സ്വർണവും കവർന്നു; സഹായിയായ സ്ത്രീയെ കാണാനില്ല

വീട്ടമ്മയെ കെട്ടിയിട്ട് മർദിച്ച് നാലം​ഗസംഘം പണവും സ്വർണവും കവർന്നു; സഹായിയായ സ്ത്രീയെ കാണാനില്ല

ആലപ്പുഴ: മാമ്പുഴക്കരയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. ഒറ്റയ്ക്ക് താമസിക്കുന്ന കൃഷ്ണമ്മ എന്ന 62കാരിയെയാണ് ബന്ദിയാക്കി കവർച്ച നടത്തിയത്. വീട്ടുസഹായത്തിനായി നിന്നിരുന്ന തിരുവനന്തപുരം സ്വദേശിനിയെ കാണാനില്ലെന്ന പരാതിയും ഇതിനുപിന്നാലെ ഉയർന്നിരിക്കുകയാണ്.

കുറച്ചധികം നാളുകളായി വീട്ടിൽ ഒറ്റയ്ക്കാണ് കൃഷ്ണമ്മ താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് ഇവരുടെ വീട്ടിൽ മോഷണം നടന്നത്. വീട്ടിലെത്തിയ നാലം​ഗസംഘം കൃഷ്ണമ്മയെ കെട്ടിയിട്ട് മർദിച്ചു. തുടർന്ന് വീട്ടിലുണ്ടായിരുന്ന മൂന്നര പവന്റെ സ്വർണവും 36,000 രൂപയും ഓട്ടുവിളക്കും പാത്രങ്ങളും എ.ടി.എം കാർഡും കവർന്നശേഷം രക്ഷപ്പെടുകയുംചെയ്തു.

ആദ്യത്തെ അടിയിൽത്തന്നെ ബോധം പോയതുകൊണ്ട് പിന്നീടെന്താണ് നടന്നതെന്ന് അറിയില്ലെന്ന് കൃഷ്ണമ്മ പറഞ്ഞു. രാവിലെ ഉണർന്നശേഷം ഇവർ ആശുപത്രിയിലെത്തി ചികിത്സ തേടുകയും പിന്നാലെ പോലീസിൽ പരാതി നൽകുകയും ചെയ്തു.

മോഷണത്തിനുപിന്നാലെ ഇവരുടെ വീട്ടിൽ സഹായത്തിന് നിന്നിരുന്ന യുവതിയെ കാണാതായിട്ടുണ്ട്. ഒരാഴ്ച മുൻപാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി ഇവരുടെ വീട്ടിലേക്ക് വന്നത്. നാലുമാസം മുൻപാണ് ഇരുവരും പരിചയപ്പെടുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

Leave a Reply..

Back To Top
error: Content is protected !!