‘ ആ തെരുവുകൾക്കപ്പുറത്തുള്ള വീട്ടിലാണു ഞാൻ താമസിച്ചിരുന്നത്. പൊള്ളുന്ന ചൂടിൽ എസി പോലുമില്ലായിരുന്നു.ടെറസിൽ ആകാശവും നോക്കി എത്രയോ രാത്രി ഉറങ്ങാതെ കിടന്നിട്ടുണ്ട്. വണ്ടിയിലേക്കു സാധനങ്ങൾ കയറ്റി തളർന്നുറങ്ങിയപ്പോയ ദിവസങ്ങളുമുണ്ട്.’
ഇത് പറയുന്നത് മറ്റാരുമല്ല തൃശൂര്‍ ജില്ലയിലെ നാട്ടിക എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും കഠിന പ്രയത്നത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ച എം എ യുസഫലിയാണ്.
1973 ഡിസംബർ 31നു അദ്ദേഹം ഇവിടെ എത്തുന്നത് . കൊച്ചാപ്പ എം.കെ.അബ്ദുള്ളയ്ക്ക് അന്നിവിടെ കച്ചവടമുണ്ടായിരുന്നു.അന്നത്തെ ഗൾഫ് ഇന്നു കാണുന്ന പകിട്ടുള്ള ഗൾഫല്ല. ശരിക്കും മരുഭൂമിയായിരുന്നു. വലിയ കെട്ടിടങ്ങൾപോലും അപൂർവ്വം. അത്യാവശ്യ സാധനങ്ങൾ എല്ലാം കിട്ടുന്നൊരു ജനറൽ സ്റ്റോർ എന്നു വിളിക്കുന്ന പലചരക്കു കടയിൽനിന്നാണു അദ്ദേഹം തുടങ്ങുന്നത്.
ഇന്ന് ഇന്ത്യക്കാരുടെയും, പ്രത്യേകിച്ച് മലയാളികളുടെയും ഗള്‍ഫുമായി ബന്ധപ്പെട്ട പലപ്രശ്നങ്ങളും പരിഹരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചുകൊണ്ട് യുസുഫലി ചെയ്യുന്ന സേവനങ്ങള്‍ വിലപ്പെട്ടതാണ്.
പ്രവാചകനാണ് അദ്ദേഹത്തിന്റെ റോൾ മോഡൽ. ഓരോ മനുഷ്യനും എന്തു ചെയ്യണമെന്നു പ്രവാചകൻ പറഞ്ഞുതന്നിട്ടുണ്ടെന്നും വീട്ടിൽ, നാട്ടിൽ അങ്ങിനെ ഓരോ സ്ഥലത്തും ഉണ്ടാകേണ്ട ജീവിതരീതിയെക്കുറിച്ചുവരെ പറഞ്ഞിട്ടുണ്ട്. കച്ചവടം ചെയ്യേണ്ടത് എങ്ങിനെയെന്നു പറഞ്ഞിട്ടുണ്ട്. സത്യം സത്യമായതു മാത്രം ചെയ്യാനുള്ള മാർഗ്ഗരേഖയാണു പ്രവാചക വചനങ്ങൾ എന്നും അദ്ദേഹം പറയുന്നു. അഞ്ചു മണിക്കൂറിൽ കൂടുതൽ യൂസഫലി ഉറങ്ങാറില്ല. യോഗയിലൂടെയാണ് അദ്ദേഹം ശരീരത്തിനും മനസ്സിനും വേണ്ട വിശ്രമവും ശക്തിയും കൊടുക്കുന്നതും.
പല ബിസിനസ് സ്കൂളുകളിലും ചെല്ലുമ്പോള്‍ എന്നോട് സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് ബിസിനസില്‍ വളരുന്നു? എന്താണ് എന്റെ വിജയമന്ത്രം? ഇതിനു ഒരു ഉത്തരമേയുള്ളൂ, “ഞാന്‍ ഒരു മലയാളിയാണ്. തൃശൂര്‍ ജില്ലയിലെ നാട്ടിക എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. പിഎന്‍സി മേനോന്, ഗള്‍ഫാര്‍ മുഹമ്മദാലി, സികെ മേനോന് തുടങ്ങിയ ബിസിനസിലെ പല പ്രമുഖരും വളര്‍ന്ന മണ്ണാണിത്. മലയാളിയായതുകൊണ്ടു തന്നെ എന്റെ അധ്വാനത്തിന്റെ ഒരു വിഹിതത്തില്‍, എന്റെ നാടും വളരണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതാണ് എന്റെ വിജയരഹസ്യം.” അദ്ദേഹം പറഞ്ഞു വെക്കുന്നു.