ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ബിജെപി അനുകൂല ചാനൽ എന്നാണ് സിപിഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണം. ബിജെപിയെ അനുകൂലിക്കുന്ന വാർത്തകൾ മാത്രം നൽകി അവരെ സുഖിപ്പിക്കുകയാണെന്നും ഏഷ്യാനെറ്റ് ന്യൂസ് സംഘി ചാനൽ എന്നുമെല്ലാമാണ് സാമൂഹിക മാധ്യമങ്ങളിൽ ഇല്ലാക്കഥ പടച്ച് വിടുന്നത്. സംസ്ഥാന സർക്കാരിന്‍റെ വീഴ്ചകൾ വസ്തുതകളോടെ വാർത്തകളായി പുറത്ത് കൊണ്ടുവരുമ്പോൾ സിപിഎം സൈബർ സഖാക്കൾ പ്രതിരോധിക്കുന്നതും ഇക്കാര്യം പറഞ്ഞ് തന്നെ. എന്നാൽ നിക്ഷ്പക്ഷതയും വസ്തുതകളുമാണ് ചാനലിന്‍റെ മുഖമുദ്ര എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ചാനലിൽ രാഷ്ട്രീയ വാർത്തകൾക്ക് ഒരു തരത്തിലുള്ള പക്ഷപാതവും ഇല്ലെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോൾ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ മകന്‍റെ നിയമനവുമായി ബന്ധപ്പെട്ട വാർത്ത സൂചിപ്പിക്കുന്നതും അത് തന്നെ. സംഘി ചാനൽ എന്ന നിലയിൽ ആരോപണം നേരിടുമ്പോഴാണ് സംസ്ഥാനത്തെ പ്രധാന ബിജെപി നേതാവായ സുരേന്ദ്രന്‍റെ മകന്‍റെ അനധികൃത നിയമന വാർത്ത എത്തുന്നതെന്നതും പ്രധാന്യമുള്ളതാണ്.
ആർജിസിബിയിൽ വഴിവിട്ട നിയമനം
കേന്ദ്ര സർക്കാരിന്‍റെ കീഴിലെ സ്വയം ഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയിൽ കെ.സുരേന്ദ്രന്‍റെ മകൻ കെ.എസ്.ഹരികൃഷ്ണനെ നിയമിച്ചു എന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിടുന്നത് സെപ്തംബർ ആദ്യവാരമാണ്. ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്ക് ബിടെക് അടിസ്ഥാന യോഗ്യതയിൽ പ്രത്യേകം സൃഷ്ടിച്ച ഒഴിവിലേക്കായിരുന്നു നിയമനം. 48 പേർ എഴുതിയ പരീക്ഷയിൽ സ്കിൽ ടെസ്റ്റിൽ ഇടം നേടിയത് 4 പേർ. ലാബ് ടെസ്റ്റിന് പിന്നാലെ മാസങ്ങൾക്കുള്ളിൽ ആർജിസിബി ഹരികൃഷ്ണന് നിയമനം നൽകി. എന്നാൽ പരീക്ഷയിൽ പങ്കെടുത്ത മറ്റ് ഉദ്യോഗാർത്ഥികളാരും ഇക്കാര്യം അറിഞ്ഞില്ല. ഫോൺ വഴിയും ഇ മെയിൽ വഴിയും ബന്ധപ്പെട്ടെങ്കിലും നിയമനം നടന്നില്ല എന്നാണ് പലർക്കും മറുപടി കിട്ടിയത്. മുൻ കാലങ്ങളിൽ ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ നിയമിച്ച തസ്തിക അടിസ്ഥാന യോഗ്യതയിൽ മാറ്റം വരുത്തി നിയമിച്ചത് സംശയാസ്പദമാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ആരോപിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാർത്തയ്ക്ക് പിന്നാലെ മെറിറ്റ് അടിസ്ഥാനത്തിൽ, സുതാര്യമായാണ് നിയമനം നടന്നതെന്നാണ് സുരേന്ദ്രൻ വിശദീകരിച്ചത്. വ്യാജ വാർത്തയെന്ന് ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സുരേന്ദ്രൻ. സിപിഎമ്മിലെ ബന്ധുനിയമന വിവാദങ്ങളോട് ശക്തമായ രീതിയിൽ പ്രതികരിച്ച സുരേന്ദ്രനെതിരെ വന്ന ആരോപണത്തെ രാഷ്ട്രീയമായി ഏറ്റെടുത്തിരിക്കുകയാണ് സിപിഎമ്മും.
സുരേന്ദ്രന്‍റെ മകന്‍റെ നിയമനം മാത്രമല്ല, നേരത്തെയും രാഷ്ട്രീയ പ്രേരിതമായ നിയമനങ്ങൾ ആർജിസിബിയിൽ നടന്നിട്ടുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഈ വാർത്തയ്ക്ക് പിന്നാലെ പുറത്ത് വിട്ട ഫോളോ അപ്പ് വാർത്തകളും വ്യക്തമാക്കുന്നത്. എന്തായാലും രാജീവ് ചന്ദ്രശേഖർ നയിക്കുന്ന വാർത്താ ചാനലാണെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോടും ആഭിമുഖ്യമില്ലാതെ നിക്ഷ്പക്ഷമായി, ജനങ്ങളുടെ പക്ഷത്ത് നിന്നാണ് ഏഷ്യാനെറ്റ് ന്യൂസ് പ്രവർത്തിക്കുന്നതെന്നാണ് ഈ വാർത്ത സൂചിപ്പിക്കുന്നത്
Asianet News is neutral in the news