വ്യക്തിവിവരങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി ജിഡിപിആര്‍ നിയമം അവതരിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ ടെക്ക് കമ്പനികള്‍ക്കെതിരെ പുതിയ ഭീഷണി ഉയര്‍ത്താനൊരുങ്ങുകയാണ്.
തീവ്രവാദം അടങ്ങുന്ന ഉള്ളടക്കങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വെബ്‌സൈറ്റ് അടച്ചുപൂട്ടുകയോ അല്ലെങ്കില്‍ കോടികള്‍ പിഴ വിധിക്കുകയോ ആണ് യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ ഒന്ന്.
തീവ്രവാദപ്രവര്‍ത്തനങ്ങളുടെ സ്വഭാവം മാറിയിട്ടുണ്ടെന്നും ഓണ്‍ലൈന്‍ വഴിയുള്ള നിര്‍ദ്ദേശങ്ങളാണ് യുവാക്കളെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്കെത്തിക്കാന്‍ നല്‍കിവരുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ നിരീക്ഷിക്കുന്നു. കഴിഞ്ഞ 18 മാസങ്ങളിലായി യൂറോപ്പില്‍ ഉണ്ടായിട്ടുള്ള ഓരോ ആക്രമണങ്ങളിലും ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ക്ക് പങ്കുണ്ടെന്നും നിരീക്ഷിക്കപ്പെടുന്നു.
തീവ്രവാദ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശം വിലവെക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനായുള്ള നിയമ നിര്‍മാണത്തിന് അംഗീകാരം ലഭിക്കാന്‍ അംഗരാജ്യങ്ങളുടെ സമ്മതം ഉറപ്പുവരുത്താനുള്ള നീക്കത്തിലാണ് യൂറോപ്യന്‍ കമ്മീഷന്‍. തീവ്രവാദ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള നിര്‍ദേശം അവഗണിച്ചാല്‍ ആഗോളവരുമാനത്തിന്റെ നാല് ശതമാനം വരെ പിഴ വിധിക്കണമെന്നുള്ള നിര്‍ദേശമാണ് കമ്മീഷന്‍ മുന്നോട്ട് വെക്കുന്നത്. 2019 ഓടെ ഈ നിയമം നിലവില്‍ വരുത്താന്‍ കഴിയുമെന്നാണ് കമ്മീഷന്റെ വിശ്വാസം.
പുതിയ പകര്‍പ്പാവകാശ നിയമം അവതരിപ്പിക്കാനും യൂറോപ്യന്‍ യൂണിയന് പദ്ധതിയുണ്ട്. പകര്‍പ്പാവകാശമുള്ള ഉള്ളടക്കങ്ങള്‍ അപ് ലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം കമ്പനികള്‍ക്ക് നല്‍കാനാണ് യൂറോപ്യന്‍ യൂണിയന്റെ നീക്കം. ഉള്ളടക്കത്തിന്റെ ഉടമകള്‍ക്ക് അര്‍ഹമായ പ്രതിഫലവും നഷ്ടപരിഹാരവും നല്‍കണമെന്നും നിബന്ധന ചെയ്യുന്ന നിയമമാണ് യൂറോപ്പ് മുന്നോട്ട് വെക്കുന്നത്.