രാജ്‌ഭവനിലെ ക്രിസ്‌മസ്‌ ആഘോഷം; ഗവർണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രി

രാജ്‌ഭവനിലെ ക്രിസ്‌മസ്‌ ആഘോഷം; ഗവർണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്‌മസ്‌ ആഘോഷത്തിൽ പങ്കെടുക്കാനുള്ള ഗവർണറുടെ ക്ഷണം നിരസിച്ച് സർക്കാർ. ക്രിസ്‌മസ്‌ ആഘോഷ വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശനും ആഘോഷത്തിൽ പങ്കെടുക്കില്ല. ഈ മാസം 14ന് വൈകിട്ടാണ് ആഘോഷം. ചാൻസലർ സ്‌ഥാനത്ത്‌ നിന്ന് ഗവർണറെ മാറ്റണമെന്ന സർക്കാർ തീരുമാനത്തെ തുടർന്ന് ഇരുവരും തമ്മിൽ തുടരുന്ന പോരിനിടെയായിരുന്നു ഗവർണറുടെ ക്ഷണനം.

ഇക്കുറി മുഖ്യമന്ത്രി, മന്ത്രിമാർ, സ്‌പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിന് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ ക്രിസ്‌മസ്‌ ആഘോഷ വേളയിൽ മതപുരോഹിതൻമാരാണ് എത്തിയിരുന്നത്. നിയമസഭാ സമ്മേളനത്തിന്റെ ആദ്യഘട്ടം 13ന് പൂർത്തിയാകുന്നത് കൂടി കണക്കിലെടുത്താണ് ആഘോഷം 14ന് സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരത്തെ ചടങ്ങിന് ശേഷം കൊച്ചിയിലും കോഴിക്കോട്ടും ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവൻ അധികൃതരോട് ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്. തലസ്‌ഥാനത്ത് ഈ വർഷം നടന്ന ഓണാഘോഷത്തിന്റെ സമാപന പരിപാടിയിൽ നിന്ന് ഗവർണറെ സർക്കാർ ഒഴിവാക്കിയിരുന്നു.

അതിനിടെ, രാജി വെക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലറുടെ ഹിയറിങ് നടത്തി ആരിഫ് മുഹമ്മദ് ഖാൻ. നോട്ടീസ് നൽകിയ ഒമ്പത് പേരിൽ നാലുപേർ നേരിട്ട് രാജ്‌ഭവനിലെത്തി. കണ്ണൂർ, എംജി സർവകലാശാല വിസിമാർ എത്തിയില്ല. കേരള മുൻ വിസി വിപി മഹാദേവൻപിള്ള, ഡിജിറ്റൽ സർവകലാശാല വിസി സജി ഗോപിനാഥ്, ഓപ്പൺ സർവകലാശാല വിസി മുബാറക് പാഷ, കുസാറ്റ് വിസി ഡോ. മധു എന്നിവരാണ് നേരിട്ടെത്തിയത്.

എംജി വിസി ഡോ. സാബു തോമസ് വിദേശ സന്ദർശനത്തിൽ ആയതിനാലാണ് ഹാജരാകാതിരുന്നത്. അടുത്തമാസം മൂന്നിന് എംജി വിസിക്കായി പ്രത്യേക ഹിയറിങ് നടത്തും. മറ്റുള്ളവരുടെ അഭിഭാഷകരാണ് എത്തിയത്. ഹിയറിങ്ങിന് ശേഷം വിശദമായ റിപ്പോർട് രാജ്ഭവൻ ഹൈക്കോടതിക്ക് കൈമാറും. കോടതി വിധിക്ക് ശഷം മതി തുടർ നടപടി എന്നാണ് ഗവർണറുടെ തീരുമാനം.

Back To Top
error: Content is protected !!