ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ‘കുറുപ്പ്’ നവംബർ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 450ലേറെ തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ഉറപ്പായിരിക്കുന്നത്. വേൾഡ് വൈഡ് 1500 തീയറ്ററുകളിലാണ് ചിത്രമെത്തുന്നത്. ദുൽഖർ സൽമാന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീരുകയാണ് കുറുപ്പ് ഇപ്പോൾ. ഏറെ വേറിട്ട രീതിയിലുള്ള പ്രചാരണമാണ് കുറുപ്പിനായി നടക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കേരളത്തിൽ അങ്ങോളമിങ്ങോളം കുറുപ്പ് അന്നൗൺസ്‌മെന്റിനൊപ്പം ‘വാണ്ടഡ്’ പോസ്റ്ററുകളും വിതരണം ചെയ്‌ത് സാധാരണക്കാരിലേക്ക് ചിത്രം എത്തിക്കുവാൻ റോഡ് ഷോയും മറ്റും നടത്തി കുറുപ്പ് ടീം ശ്രദ്ധ നേടിയിരുന്നു.കുറുപ്പിന്‍റെ ട്രെയിലർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ ഇന്നലെ രാത്രി പ്രദർശിപ്പിക്കുകയുണ്ടായി. ഇങ്ങനെ ഒരു നേട്ടം കൈവരിക്കുന്ന ആദ്യ മലയാളചലച്ചിത്രമാണ് കുറുപ്പ്. ബുർജ് ഖലീഫയിൽ ട്രൈലെർ പ്രദർശനം നടന്നപ്പോൾ, ദുൽഖർ, ഭാര്യ അമാൽ, അവരുടെ മകൾ എന്നിവർ അവിടെ ഉണ്ടായിരുന്നു.
ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്