സമരം ചെയ്യുന്നവരില്‍ പലരും പി.എസ്.സി ലിസ്റ്റില്‍ ഉള്ളവരല്ല -ഇ.പി ജയരാജന്‍

സമരം ചെയ്യുന്നവരില്‍ പലരും പി.എസ്.സി ലിസ്റ്റില്‍ ഉള്ളവരല്ല -ഇ.പി ജയരാജന്‍

തിരുവനന്തപുരം: ഇടത് സര്‍ക്കാറിന്‍റെ കൂട്ട സ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ചും സമരം ചെയ്യുന്നവരെ പരിഹസിച്ചും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. സെക്രട്ടറിയേറ്റിന് മുൻപിലെ ഉദ്യോഗാര്‍ഥികളുടെ സമരം പ്രഹസനമാണെന്ന് മന്ത്രി പറഞ്ഞു. ആരോ പ്രേരിപ്പിച്ചിട്ടാണ് സമരം ചെയ്യുന്നത്. സമരം ചെയ്യുന്നവരില്‍ പലരും പി.എസ്.സി ലിസ്റ്റില്‍ ഉള്ളവരല്ല. കോണ്‍ഗ്രസിന്‍റെയോ യൂത്ത് കോണ്‍ഗ്രസിന്‍റെയോ പ്രവര്‍ത്തകരാണെന്നും ജയരാജയന്‍ ആരോപിച്ചു.

ശരിയായ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചേ നിയമനങ്ങള്‍ നടത്താന്‍ സാധിക്കൂ. മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാതെ നിയമ‍നം നടത്തിയതാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍. പത്തിലധികം വര്‍ഷമായി ജോലി ചെയ്യുന്നവരാണിവര്‍. അവരെ വഴിയാധാരമാക്കാന്‍ പാടുണ്ടോയെന്ന് ജയരാജന്‍ ചോദിച്ചു. 10 വര്‍ഷമായി ജോലി ചെയ്യുന്നവരെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കണമോ എന്നും ജയരാജന്‍ ചോദിച്ചു.
സ്ഥിരപ്പെടുത്തേണ്ടത് സര്‍ക്കാര്‍ ചെയ്യേണ്ട ഉചിതമായ നടപടിയാണ്. സ്ഥിരപ്പെടുത്തിയതൊന്നും പി.എസ്.സി തസ്തികയല്ല. തൊഴില്‍ രഹിതരില്ലാത്ത കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി ജയരാജന്‍ വ്യക്തമാക്കി.

Back To Top
error: Content is protected !!