തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ് കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കള്‍ക്കെതിരെ നിയമ നടപടിയെന്ന വാര്‍ത്ത. കുട്ടികളുമായി പുറത്തിറങ്ങിയാല്‍ 2000 രൂപ പിഴയീടാക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതോടെ പല രക്ഷകര്‍ത്താക്കളും ആശങ്കാകുലരായി. വാര്‍ത്ത സത്യമാണോയെന്ന് അറിയാന്‍ പലരും തലങ്ങും വിലങ്ങും അന്വേഷണമായിരുന്നു. വാട്‌സാപ്പ് വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി കേരള പൊലീസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. പത്ത് വയസില്‍ താഴെയുളള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ തന്നെ നേരിട്ട് അറിയിച്ചിരിക്കുകയാണ്.
വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസ് നീക്കം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ ഡോമിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്‌ടര്‍ വി പി പ്രമോദ് കുമാര്‍ പറഞ്ഞു.ഗ്രൂപ്പുകളില്‍ ഫോര്‍വേഡ് മേസേജായി പാറി നടന്ന സംഭവത്തിന്റെ വസ്‌തുത ഇപ്പോള്‍ വെളിച്ചത്ത് വരികയാണ്.