വെടിക്കെട്ടുമായി ബന്ധപ്പെട്ട് ഇരട്ടനീതി വേണ്ടെന്ന് ഹൈക്കോടതി. സർക്കാരിനും പൗരനും രണ്ടുതരത്തിൽ നിയമം വ്യാഖ്യാനിക്കരുത്. ആരാധനാലയങ്ങളിലെ വെടിക്കെട്ട് ചട്ടം സർക്കാർ പരിപാടികളിലും നടപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ജസ്റ്റിസ് എസ് ഈശ്വരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എക്സ്പ്ലോസിവ് ചട്ടത്തിലെ പുതിയ ഭേദഗതി അനുസരിച്ചുള്ള നിബന്ധന പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വെടിക്കെട്ട് നടത്താൻ അനുമതി നിഷേധിച്ചതിനെതിരെ പാലക്കാട്ടെ ക്ഷേത്രഭാരവാഹികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിലപാട്.
ഈ വർഷം ഒക്ടോബർ 11നാണ് എക്സ്പ്ലോസിവ് ചട്ടത്തിൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നത്. ഈ ഭേദഗതിയനുസരിച്ച് വെടിക്കെട്ട് നടത്താൻ ഫെയർ ഡിസ്പ്ലേ ഓപ്പറേറ്ററെയോ അസിസ്റ്റൻ്റിനെയോ നിയമിക്കണമെന്നതാണ് വ്യവസ്ഥ.
ഇവർ അനുമതി നൽകിയാലേ വെടിക്കെട്ട് ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കൂ. ഈ നിബന്ധന പാലിച്ചില്ലെന്ന കാരണത്താൽ വെടിക്കെട്ട് നടത്താൻ ജില്ലാ മജിസ്ട്രേറ്റ് അനുമതി നൽകാതിരുന്നതിനെതിരെ പാലക്കാട്ടെ ക്ഷേത്ര ഭാരവാഹികൾ ഹർജി നൽകുകയായിരുന്നു.
പ്രായോഗിക പരിഹാരം അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രചട്ടത്തിൻ്റെ പേരിൽ സർക്കാർ നിലപാട് കടുപ്പിക്കുകയായിരുന്നു. ഇതോടെയാണ് ക്ഷേത്ര ഭാരവാഹികൾ കോടതിയെ സമീപിച്ചത്. ഇളവിൻ്റെ കാര്യത്തിൽ സർക്കാരിനെ നിർബന്ധിക്കുന്നില്ലെന്ന് ഹർജി പരിഗണിക്കവേ കോടതി പറഞ്ഞു. എന്നാൽ, ഈ നിലപാട് തന്നെ സർക്കാർ പരിപാടികളിലും തുടരണമെന്നും കോടതി പറഞ്ഞു. പൊതുതാത്പര്യം കണക്കിലെടുക്കുമ്പോൾ സർക്കാർ നിലപാട് അഭിനന്ദാർഹമാണ്. പക്ഷേ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നടത്തുന്ന പരിപാടികളിലും സർക്കാർ ഇതേ മാനദണ്ഡങ്ങൾ തന്നെ സ്വീകരിക്കണം. അല്ലാതെ, സർക്കാരിനും പൗരനും ഇരട്ടനീതി ആവരുത് എന്നും കോടതി നിർദ്ദേശിച്ചു.
പുതുവത്സരാഘോഷങ്ങൾ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സർക്കാർ എങ്ങനെയാവും കോടതിനിർദ്ദേശങ്ങൾ സ്വീകരിക്കുക എന്നതാണ് കണ്ടറിയേണ്ടത്.
പുതിയ ഭേദഗതി അനുസരിച്ച് പെസോയുടെ പരീക്ഷ പാസാകുന്നവർക്കു മാത്രമേ ലൈസൻസി ആകാനാവൂ. ഫയർവർക്സ് ഡിസ്പ്ലേ ഓഫീസർ, അസിസ്റ്റന്റ് ഫയർവർക്സ് ഡിസ്പ്ലേ ഓഫീസർ എന്നിവരും ഇവരുടെ സഹായികളും ചേർന്നാവണം വെടിക്കെട്ടിന് മേൽനോട്ടം വഹിക്കേണ്ടത്. ഇതോടൊപ്പം പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണമെന്നും നിബന്ധനയുണ്ട്.
നിലവിൽ ലൈസൻസികളെ കിട്ടാൻ പൂരം കമ്മിറ്റികൾ ഏറെ ബുദ്ധിമുട്ടാറുണ്ട്. അനധികൃതമായി വെടിക്കെട്ട് നിർമാണം നടത്തിയെന്നു കണ്ടെത്തിയാൽ ലൈസൻസ് നഷ്ടമാകും. അതുകൊണ്ട് തന്നെ പല വർഷങ്ങളിലും ലൈസൻസികൾ മാറി നിൽക്കാറുണ്ട്. പുതിയ നിബന്ധനകൾ കൂടി എത്തുന്നതോടെ വെടിക്കെട്ട് കൂടുതൽ ബുദ്ധിമുട്ടാവും.
തൃശൂർ പൂരത്തിലേതുൾപെടെ സംസ്ഥാനത്തെ പല ഉത്സവ വെടിക്കെട്ടുകൾക്കും പുതിയ ചട്ടങ്ങൾ തിരിച്ചടിയാവുമെന്ന് വിലയിരുത്തലുണ്ട്. വെടിക്കെട്ട് പുര ഇല്ലാത്ത സ്ഥലങ്ങളിൽ വെടിക്കെട്ട് നടത്താനാവില്ല എന്ന് വിദഗ്ധർ പറയുന്നുണ്ട്. കേരളത്തിൽ പത്തിൽ താഴെ സ്ഥലങ്ങളിൽ മാത്രമാണ് വെടിക്കെട്ട് പുരയുള്ളത്. അതുകൊണ്ട് തന്നെ പല സ്ഥലങ്ങളിലെയും വെടിക്കെട്ട് മുടങ്ങിയേക്കും. വെടിക്കെട്ട് പുരയിൽ നിന്ന് 200 മീറ്ററെങ്കിലും അകലെയാവണം വെടിക്കെട്ട് നടത്തേണ്ടത് എന്നാണ് ഭേദഗതി പറയുന്നത്. തൃശൂരിൽ വെടിക്കെട്ട് പുരയുണ്ട്. പക്ഷേ, വെടിക്കെട്ട് നടക്കുന്ന ഇടവുമായി അതിന് 200 മീറ്റർ ദൂരമില്ല.