തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കും. വൈദ്യുതി ഉപഭോഗം കൂടിയ പീക്ക് അവറിൽ വൈദ്യുതി നിരക്ക് ഉയർത്താനാണ് ആലോചന. നിരക്ക് പെറ്റീഷൻ ഡിസംബർ 31ന് മുൻപ് സമർപ്പിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ആവശ്യപ്പെട്ടു. പീക്ക് അവറിലെ അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ചാർജ് വർദ്ധനയിലൂടെ സാധിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു.
വൈദ്യുതി ഗാർഹിക ഉപഭോഗം കൂടുതലാകുന്ന വൈകീട്ട് 6 മണി മുതൽ 10 മണി വരെയുള്ള സമയമാണ് പീക്ക് അവറായി കണക്കാക്കുന്നത്. ഈ സമയത്ത് വൈദ്യുതി നിരക്ക് ഉയർത്തുന്ന കാര്യത്തിലാണ് കെഎസ്ഇബിയിൽ ചർച്ചകൾ നടക്കുന്നത്. ഇപ്പോൾ പീക്ക് അവറിലേയ്ക്ക് സ്വകാര്യ മേഖലയിൽ നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയാണ് വിതരണം ചെയ്യുന്നത്. യൂണിറ്റിന് 18 മുതൽ 20 രൂപ വരെ നിരക്കിലാണ് പീക്ക് അവറിൽ വൈദ്യുതി വാങ്ങുന്നതെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു.
പീക്ക് അവറിലെ നിരക്ക് വർദ്ധനയിലൂടെ 6 മുതൽ 10 വരെയുള്ള സമയത്തെ അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. അതായത് മോട്ടോർ, വാഷിംഗ് മിഷീൻ, ബാറ്ററി ചാർജിംഗ് അടക്കമുള്ള മറ്റ് സമയങ്ങളിൽ നടത്താവുന്ന കാര്യങ്ങൾ പീക്ക് അവറിൽ നടത്താതെ വരും. അതിനാൽ ഈ സമയത്തെ വൈദ്യുതി ഉപഭോഗം കുറയുമെന്നാണ് പ്രതീക്ഷ. ഇതിനായി മന്ത്രിതല ചർച്ചകൾ നടക്കേണ്ടതുണ്ടെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.