ചന്ദ്രിക കള്ളപ്പണക്കേസില്‍ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും നിയമസഭ കക്ഷി നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ ഹാജരായി. വൈകീട്ട് നാല് മണിക്കാണ് കൊച്ചി ഇ.ഡി ഓഫിസില്‍ ഹാജരായത്.
സാക്ഷിയായാണ് ഇ.ഡി വിളിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിന് മുൻപ് മാധ്യമങ്ങളെ കണ്ടപ്പോള്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. സെപ്തംബര്‍ രണ്ടിന് വിളിപ്പിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. അന്ന് ഇമെയില്‍ അയച്ച് അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിക്ക് എത്താന്‍ ഇ.ഡി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ അസൗകര്യങ്ങള്‍ മൂലം രാവിലെ എത്തുന്നതിന് പകരം ഉച്ചക്ക് ശേഷം എത്താമെന്ന് അറിയിക്കുകയുമായിരുന്നു. ഇക്കാര്യം ഇ.ഡി സമ്മതിച്ചു.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാലം പണിയിലെ അഴിമതി വഴികിട്ടിയ 10 ലക്ഷം മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്നും നോട്ടു നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കാനാണ് തുക നിക്ഷേപിച്ചതെന്നും കാണിച്ച് ഇത്തരം കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതിയില്‍ പരാതി എത്തിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇ.ഡിയോട് കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. കളമശ്ശേരി സ്വദേശി ഗിരീഷ്ബാബുവായിരുന്നു പരാതിക്കാരന്. ഇയാളെയും ഇബ്രാഹിം കുഞ്ഞിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ചന്ദ്രിക ഫിനാന്‍സ് മാനേജര്‍ സമീറിനെ പലവട്ടം വിളിപ്പിച്ചിരുന്നു. മാനേജര്‍ കണക്കുകള്‍ സമര്‍പ്പിക്കുകയും അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ച തുക പി.എഫ് അടക്കാനാണെന്നും അറിയിച്ചതായും വിവരമുണ്ട്.
ചന്ദ്രികയുടെ മറവില്‍ നടന്ന ഭൂമി ഇടപാടുകള്‍ അടക്കമുള്ള ബിനാമി ഇടപാടുകളെ കുറിച്ച് ചോദ്യം ചെയ്യാനാണ് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരെ വിളിപ്പിച്ചിരിക്കുന്നത്. കെ.ടി ജലീല്‍ അടക്കമുള്ളവര്‍ ഈ ആരോപണം ഉന്നയിച്ചിരുന്നു.
ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. പാണക്കാട് മുഈനലി തങ്ങളോട് നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ മകന് ആഷിഖിനെയും ഇ.ഡി വിളിപ്പിച്ചിരുന്നു. വിദേശത്തായിരുന്നതിനാല്‍ എത്താനാകില്ലെന്ന് അറിയിച്ച ഇദ്ദേഹത്തെ വീണ്ടും വിളിപ്പിക്കാന്‍ സാധ്യതയുണ്ട്.