മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപൊലീത്ത അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുധ രോഗത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. 2007 ഒക്ടോബര്‍ രണ്ടിനാണ് സഭയുടെ മെത്രാപ്പോലീത്തയായി ജോസഫ് മാര്‍ത്തോമ്മ എന്ന പേരില്‍ അദ്ദേഹം സ്ഥാനമേറ്റത്. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളജിലെ പഠനത്തിനു ശേഷം 1954-ല്‍ ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജി കോളജില്‍ ബിഡി പഠനത്തിനു ചേര്‍ന്നു.
1957 ഒക്ടോബര്‍ 18ന് കശീശ പട്ടം ലഭിച്ചു. മാര്‍ത്തോമ സഭാ പ്രതിനിധി മണ്ഡലത്തിന്‍റെ തീരുമാനപ്രകാരം 1975 ജനുവരി 11ന് റമ്ബാനായും ഫെബ്രുവരി എട്ടിന് ജോസഫ് മാര്‍ ഐറേനിയോസ് എന്ന അഭിനാമത്തില്‍ എപ്പിസ്ക്കോപ്പായായും അഭിഷിക്തനായി. 1999 മാര്‍ച്ച് 15ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പോലീത്തയായി ഉയര്‍ത്തപെട്ടപ്പോള്‍ മാര്‍ത്തോമ മെത്രാപോലീത്താക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗന്‍ മെത്രാപോലീത്തയായി മാര്‍ ഐറെനിയോസ് ഉയര്‍ത്തപ്പെട്ടു. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം സഭാ പരമാധ്യക്ഷ സ്ഥാനം വെടിഞ്ഞപ്പോള്‍ സഫ്രഗന്‍ മെത്രാപ്പോലിത്താ ആയിരുന്ന ജോസഫ് മാര്‍ ഐറേനിയോസിനെ, ജോസഫ് മാര്‍ത്തോമ്മ എന്ന അഭിനാമത്തില്‍ മാര്‍ത്തോമ്മാ ഇരുപത്തിയൊന്നാമനായി വാഴിക്കുകയായിരുന്നു.