ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാ വായ്പ പദ്ധതി രാജ്യത്തെ ബാങ്കിങ് മേഖല അടുത്തതായി നേരിടാന്‍ പോകുന്ന വലിയ പ്രതിസന്ധിയായിരിക്കുമെന്ന് ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രാജന്റെ മുന്നറിയിപ്പെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അസംഘടിത മേഖലയിലെ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും സ്വയം സഹായ സംരംഭങ്ങള്‍ക്കും നല്‍കുന്ന വായ്പയാണ് മുദ്ര. 2015ല്‍ എന്‍.ഡി.എ സര്‍ക്കാരാണ് പ്രധാനമന്ത്രി മുദ്രാ യോജന(പി.എം.എം.വൈ) ആരംഭിച്ചത്. വിവിധ ബാങ്കുകള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴിയെല്ലാം വായ്പ ലഭിക്കുന്ന പദ്ധതിയാണിത്.മുദ്രാ വായ്പയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡും ജനകീയമാണ്. എന്നാല്‍ തിരിച്ചടവിന്റെ കാര്യവുമായി ബന്ധപ്പെട്ട് ഇവയെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. വലിയ തോതില്‍ വായ്പകള്‍ നല്‍കുക, വായ്പകള്‍ എഴുതിത്തള്ളുക എന്നീ കാര്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.