കൊച്ചി: നിലയ്ക്കല്‍ അന്നദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ. ജയപ്രകാശിന്റെയും ഭാര്യയുടെയും സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് താൽക്കാലികമായി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി.
2018-19 മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിലാണ് തട്ടിപ്പ് നടന്നത്. അന്നദാനത്തിന് ആവശ്യമായ പച്ചക്കറികളും മറ്റ് സാധനങ്ങളും വാങ്ങിയെന്ന പേരിൽ വ്യാജ ബില്ലുകൾ നിർമ്മിച്ചാണ് പണം തട്ടിയെടുത്തത്. ഏകദേശം 59.98 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. ആദ്യം പോലീസ് അന്വേഷിച്ച ഈ കേസ് സാമ്പത്തിക ക്രമക്കേടിന്റെ വ്യാപ്തി കണക്കിലെടുത്താണ് ഇ.ഡി ഏറ്റെടുത്തത്. ദേവസ്വം ബോർഡിന്റെ ഫണ്ട് വ്യാജ രേഖകൾ ഉപയോഗിച്ച് പ്രതികൾ സ്വന്തം ആവശ്യങ്ങൾക്കായി വിനിയോഗിച്ചുവെന്ന് ഇ.ഡി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

