നമ്മൾ പൊതുവെ ഒഴിവാക്കുന്നതോ ശ്രദ്ധിക്കാതെ പോകുന്നതോ ആയ കിഴങ്ങ് വർഗമാണ് മധുരക്കിഴങ്ങ്. ധാരാളം പോഷക ഗുണങ്ങൾ ഇതിനുണ്ട്. മധുരക്കിഴങ്ങിൽ പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് മുതലായവ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഈ കിഴങ്ങ് വർഗം നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ മാക്രോ, മൈക്രോ ന്യൂട്രിയൻ്റുകൾ ശരീരത്തിൽ എത്തുന്നു. അങ്ങനെയെങ്കിൽ ഇനി ബ്രെഡും ചപ്പാത്തിയും കഴിച്ച് ബുദ്ധിമുട്ടേണ്ട. മധുരക്കിഴങ്ങ് കിട്ടിയാൽ രുചികരമായ ഇടിയപ്പം തന്നെ തയ്യാറാക്കിക്കോളൂ. വില്ലേജ് കുക്കിങ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- മധുരക്കിഴങ്ങ്
- അരിപ്പൊടി
- ഉപ്പ്
- വെള്ളം
തയ്യാറാക്കുന്ന വിധം
- ഉരുളക്കിഴങ്ങ് കഴുകി ആവിയിൽ വേവിച്ചെടുക്കാം.
- കിഴങ്ങ് തണുത്തതിനു ശേഷം ശേഷം തൊലി കളഞ്ഞ് ഉടച്ചെടുക്കാം.
- മുക്കാൽ കപ്പ് അരിപ്പൊടിയിലേക്ക് ഉടച്ച മധുരക്കിഴങ്ങ് ചേർത്തിളക്കി യോജിപ്പിക്കാം.
- ആവശ്യത്തിന് ഉപ്പും ചേർത്തോളൂ.
- അൽപ്പം ചൂടുവെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം.
- സേവനാഴി ഉപയോഗിച്ച് മാവ് ഇഡ്ഡലി തട്ടിലേക്ക് മാറ്റുക.
- തുടർന്ന് ആവിയിൽ വേവിക്കാം. കുറച്ച് തേങ്ങാപ്പാൽ ചേർത്ത് കഴിച്ചു നോക്കൂ.