കോഴിക്കോട്: അഞ്ചുനാൾ നീണ്ട കലാപൂരത്തിന് സമാപനം. കലയോടുള്ള നമ്മുടെ നാടിന്റെ അതിയായ താൽപര്യവും അർപ്പണബോധവും മേളയെ ഉജ്വലമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരം കൂടിയായി കലോൽസവം മാറി. അഞ്ചു രാപ്പകലുകൾ നീണ്ട കലോൽസവത്തിന് ആതിഥ്യമരുളുക എന്ന പ്രയാസകരമായ ദൗത്യം അതിഗംഭീരമായാണ് കോഴിക്കോട് നഗരം നിറവേറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലോൽസവത്തിന്റെ നടത്തിപ്പിന് ജനങ്ങൾ മുന്നിട്ടിറങ്ങിയതോടെ നാടിന്റെ സ്വന്തം ആഘോഷമായി മാറുന്ന മനോഹരമായ അനുഭവമാണ് ഉണ്ടായത്. സംഘാടകരും കലോൽസവ നടത്തിപ്പിന്റെ ഭാഗമായ അധ്യാപക-വിദ്യാർഥി സംഘടനകൾ ഉൾപ്പടെയുള്ള എല്ലാ കൂട്ടായ്‌മകളും സർവോപരി കോഴിക്കോട്ടുകാരും അഭിനന്ദനം അർഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടുതൽ പോയിന്റുകൾ നേടി ഒന്നാം സ്‌ഥാനം സ്വന്തമാക്കിയ കോഴിക്കോട് ജില്ലക്കും രണ്ടാം സ്‌ഥാനം പങ്കിട്ട കണ്ണൂരിനും പാലക്കാട് ജില്ലക്കും അഭിനന്ദനങ്ങൾ. അതോടൊപ്പം കലോൽസവത്തിൽ പങ്കെടുത്ത എല്ലാ മൽസരാർഥികൾക്കും അഭിനന്ദനങ്ങൾ. അടുത്ത കലോൽസവം കൂടുതൽ മികവുറ്റതാക്കാൻ നമുക്ക് ഇപ്പോഴേ പരിശ്രമിച്ചു തുടങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാന വേദിയായ വിക്രം മൈതാനത്ത് പ്രൗഢഗംഭീരമായ ജനാവലിയെ സാക്ഷിനിർത്തി സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൽഘാടനം ചെയ്‌തു. സംസ്‌കാര സമ്പന്നമായ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം കൂടി കലോൽസവത്തിന് ഉണ്ടെന്ന് സമാപന സമ്മേളനം ഉൽഘാടനം ചെയ്‌ത് വിഡി സതീശൻ പറഞ്ഞു.
കോഴിക്കോടൻ പെരുമ വിളിച്ചോതിയ കലോൽസവം എന്ന് 61ആം മത് കലോൽസവത്തെ വിശേഷിപ്പിച്ച അദ്ദേഹം കലോൽസവത്തെ കലയുടെ മഹോൽസവം ആക്കി മാറ്റിയെന്നും അഭിപ്രായപ്പെട്ടു. എല്ലാം മറന്ന് എല്ലാവരും ഒരുമിച്ചു നിൽക്കുക എന്നതാണ് വലിയ പാഠമെന്നും അദ്ദേഹം പറഞ്ഞു.
കലോൽസവ വേദിയിൽ നിന്ന് മടങ്ങുമ്പോൾ അഭിമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും മികച്ച കലോൽസവത്തിൽ ഒന്നാണിത്. ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും മികവ് പുലർത്തി. അടുത്ത കലോൽസവത്തിൽ നോൺ വെജ് ഭക്ഷണം വിളമ്പുമെന്ന് മന്ത്രി പറഞ്ഞു.
വെജ് ആവശ്യമുള്ളവർക്ക് വെജും, നോൺ വെജ് ആവശ്യമുള്ളവർക്ക് അതും കഴിക്കാനുള്ള അവസരം ഒരുക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. എന്റെ കുഞ്ഞുങ്ങൾക്ക് കോഴിക്കോട് ബിരിയാണി നൽകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അടുത്ത തവണത്തെ കലോൽസവത്തിൽ നോൺ വെജ് വിളമ്പുന്ന കാര്യം പരിഗണിക്കും. എല്ലാവരുടെയും ഭക്ഷണ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടും-മന്ത്രി പറഞ്ഞു.
945 പോയിന്റ് നേടിയാണ് കൗമാര കലാകിരീടം കോഴിക്കോട് തിരികെ പിടിച്ചത്. 925 പോയിന്റ് വീതം നേടി കണ്ണൂരും പാലക്കാടും രണ്ടാം സ്‌ഥാനം പങ്കിട്ടു. 915 പോയിന്റോടെ തൃശൂർ മൂന്നാം സ്‌ഥാനത്തും എത്തി. സമാപന സമ്മേളനത്തിൽ ഗായിക കെഎസ് ചിത്ര ആയിരുന്നു മുഖ്യാഥിതി. അടുത്ത വർഷത്തെ കലോൽസവം ഏത് ജില്ലയിൽ ആയിരിക്കുമെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.