ഭക്ഷ്യവിഷബാധ തുടർക്കഥ; സംസ്‌ഥാനത്ത്‌ ഇന്ന് 26 സ്‌ഥാപനങ്ങൾ പൂട്ടിച്ചു

ഭക്ഷ്യവിഷബാധ തുടർക്കഥ; സംസ്‌ഥാനത്ത്‌ ഇന്ന് 26 സ്‌ഥാപനങ്ങൾ പൂട്ടിച്ചു

തിരുവനന്തപുരം: ഭക്ഷ്യവിഷബാധ തുടർച്ചയായി റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കുന്നു. ഇന്ന് 440 സ്‌ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

വൃത്തിഹീനമായി പ്രവർത്തിച്ച 11 സ്‌ഥാപനങ്ങളുടെയും ലൈസൻസ് ഇല്ലാതിരുന്ന 15 കടകൾ ഉൾപ്പടെ 26 സ്‌ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. 145 സ്‌ഥാപനങ്ങൾക്ക്‌ നോട്ടീസും നൽകി. എറണാകുളം ജില്ലയിൽ നാല് ഭക്ഷണശാലകൾ പൂട്ടിച്ചു. ഒമ്പതെണ്ണത്തിന് പിഴയിട്ടു. എറണാകുളത്ത് അഞ്ചു സ്‌ഥാപനങ്ങൾക്ക്‌ നോട്ടീസും നൽകി.

അതേസമയം, പരിശോധന കർശനമായി തുടരുമ്പോഴും കാസർഗോഡ് ജില്ലയിൽ ഇന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാർഥിനി മരിച്ചിരുന്നു. കാസർഗോഡ് തലക്ളായിലെ അഞ്‌ജുശ്രി പാർവതിയാണ്(19) മരിച്ചത്. കാസർകോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈൻ ആയി വരുത്തിച്ച കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്‌ജുശ്രിക്ക് ശാരീരിക അസ്വസ്‌ഥതകൾ ആരംഭിച്ചത്. ഗുരുതരാവസ്‌ഥയിലായ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

കോട്ടയത്ത് നഴ്‌സിന്റെ മരണത്തെ തുടർന്ന് സംസ്‌ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നതിനിടെയാണ് വീണ്ടുമൊരു മരണം കൂടി ഉണ്ടായത്. അതിനിടെ, ഇടുക്കിയിൽ ഷവർമ കഴിച്ചു ഒരു കുടുംബത്തിലെ ഏഴ് വയസുകാരനടക്കം മൂന്ന് പേർക്ക് ഭക്ഷ്യവിഷബാതയേറ്റു.

കഴിഞ്ഞ ദിവസം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ട 16 ഷവർമ സ്‌ഥാപനങ്ങൾ അടപ്പിച്ചിരുന്നു. 485 സ്‌ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ‘ഷവർമ പ്രത്യേക പരിശോധനയിലാണ് നടപടി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്‌ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 6 സ്‌ഥാപനങ്ങളുടേയും ഉള്‍പ്പെടെ 16 ഷവർമ കടകളാണ് പൂട്ടിച്ചത്. 162 സ്‌ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കിയിരുന്നു.