മക്കളുടെ സംരക്ഷണ അവകാശം നേടിയെടുക്കാൻ സ്‌ത്രീയായി മാറിയ അച്ഛൻ-വിചിത്രം

മക്കളുടെ സംരക്ഷണ അവകാശം നേടിയെടുക്കാൻ സ്‌ത്രീയായി മാറിയ അച്ഛൻ-വിചിത്രം

ഭാര്യയിൽ നിന്ന് വേർപിരിഞ്ഞ ഭർത്താവ്. അവരുടെ രണ്ടു പെൺമക്കളെ വളർത്താനുള്ള അവകാശം നേടിയെടുക്കാൻ ഒരു അച്ഛൻ ചെയ്‌ത കാര്യങ്ങൾ കേട്ടാൽ ഏറെ വിചിത്രമായി തോന്നും. ഭാര്യയിൽ നിന്ന് മക്കളെ നേടിയെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തിനുവേണ്ടി നിയമപരമായി തന്നെ സ്‌ത്രീയായി മാറിയ ഒരു അച്ഛന്റെ കഥയാണ് ഇന്ന് ഏവർക്കും കൗതുകമായി തോന്നുന്നത്.

ഇക്വഡോറിലാണ് സംഭവം. 47-കാരനായ റെനെ സലീനാസ് റാമോസ് ആണ് തന്റെ മക്കളുടെ നിയമപരമായ അവകാശം നേടിയെടുക്കുന്നതിനായി ലോകത്തിൽ ഇന്നുവരെ ആരും ചെയ്‌തിട്ടില്ലാത്ത കാര്യം ചെയ്‌തത്‌. ദൈനംദിന ജീവിതത്തിൽ ഇയാൾ ഒരു പുരുഷൻ ആണെങ്കിലും ഇക്വഡോറിലെ ഔദ്യോഗിക രേഖകളിൽ ഇയാളിപ്പോൾ ഒരു സ്‌ത്രീയാണ്‌.

രാജ്യത്തെ നീതിന്യായ വ്യവസ്‌ഥയാണ് തന്നെക്കൊണ്ട് ഇത്തരമൊരു കാര്യം ചെയ്യപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. സാധാരണ ഇത്തരം കേസുകളിൽ അമ്മ എത്ര തെറ്റുകാരി ആണെങ്കിലും പെൺമക്കളുടെ സംരക്ഷണ അവകാശം അവർക്ക് മാത്രമാണ് നൽകാറെന്നും അതിനാലാണ് രേഖകളിൽ താൻ സ്‌ത്രീയായി മാറിയതെന്നുമാണ് റാമോസ് പറയുന്നത്.

ഇപ്പോൾ തന്റെ മക്കൾ അവരുടെ അമ്മയോടൊപ്പം വളരെ മോശം ചുറ്റുപാടിലാണ് ജീവിക്കുന്നതെന്നും താനിപ്പോൾ മക്കളെ നേരിട്ട് കണ്ടിട്ട് അഞ്ചുമാസം ആയെന്നും റാമോസ് ആരോപിച്ചു. നിയമങ്ങളിൽ താനിപ്പോൾ ഒരു സ്‌ത്രീയാണെന്നും അതുകൊണ്ടുതന്നെ താൻ ഇപ്പോൾ തന്റെ മക്കളുടെ അമ്മയാണെന്നും ഒരമ്മയുടെ സ്‌നേഹവും കരുതലും വാൽസല്യവും കൊടുത്ത് തന്റെ മക്കളെ വളർത്താൻ തനിക്ക് സാധിക്കുമെന്നും റാമോസ് പറഞ്ഞു.

എന്നാൽ, ഇയാളുടെ നടപടിക്കെതിരെ ട്രാൻസ്ജെൻഡറുകളുടെ അവകാശത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. തങ്ങൾ കാലങ്ങളായി നടത്തി വരുന്ന പോരാട്ടത്തെ വ്യക്‌തിപരമായ ആവശ്യത്തിന് വേണ്ടി ദുരൂപയോഗം ചെയ്യുകയാണ് ഇയാളെന്ന് വിവിധ സംഘടനകൾ പ്രസ്‌താവനയിൽ പറഞ്ഞു. മക്കളുടെ സംരക്ഷണ അവകാശത്തെ ചൊല്ലി ഭാര്യയുമായുള്ള ഇയാളുടെ നിയമയുദ്ധം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്.