പാനിപ്പത്ത്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2024 ജനുവരി ഒന്നിന് അയോധ്യയിലെ രാമക്ഷേത്രം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച അമിത് ഷാ ക്ഷേത്രത്തിലെ പൂജാരി ആണോയെന്ന് ഖാർഗെ ചോദിച്ചു. ഹരിയാനയിലെ പാനിപ്പത്തിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായുള്ള റാലി അഭിസംബോധന ചെയ്‌ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
”എല്ലാവർക്കും ദൈവത്തിൽ വിശ്വാസം ഉണ്ട്. എന്നാൽ, എന്തിനാണ് നിങ്ങൾ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. 2024 മെയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാമക്ഷേത്രം ഉൽഘടനം ചെയ്യുമെന്ന് നിങ്ങൾ പറയുന്നു. ഇങ്ങനെ ഒരു പ്രഖ്യാപനം നടത്താൻ നിങ്ങൾ ആരാണ്? രാമക്ഷേത്രത്തിലെ പൂജാരിയോ മഹന്തോ ആണോ? അക്കാര്യം മഹന്തും ഋഷിമാരും പറയട്ടെ എന്നും” അദ്ദേഹം പറഞ്ഞു.
”നിങ്ങൾ ഒരു രാഷ്‌ട്രീയക്കാരനാണ്. രാജ്യം സുരക്ഷിതമാക്കുക, ക്രമസമാധാനം ഉറപ്പാക്കുക. ജനങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയൊക്കെയാണ് നിങ്ങളുടെ ജോലി”- ഖാർഗെ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യപ്രചാരണ ആയുധം രാമക്ഷേത്രം ആയിരിക്കുമെന്ന സൂചന നൽകിയാണ് ത്രിപുരയിലെ സാബ്‌റൂമിൽ നടന്ന യോഗത്തിൽ 2024 ജനുവരി ഒന്നിന് രാമക്ഷേത്രം പൂർത്തിയാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചത്.
രാമക്ഷേത്രം വൈകിച്ചത് കോൺഗ്രസ് ആണെന്നും അമിത്ഷാ കുറ്റപ്പെടുത്തിയിരുന്നു. കമ്യൂണിസം ലോകത്ത് നിന്ന് അകന്നപ്പോൾ, കോൺഗ്രസ് രാജ്യത്ത് നിന്ന് അകന്നുവെന്നും, മൂന്ന് പതിറ്റാണ്ട് സിപിഐഎം സംസ്‌ഥാനം ഭരിച്ചിട്ടും പ്രശ്‌നങ്ങൾ പരിഹരിച്ചില്ല എന്നും അമിത്ഷാ വിമർശിച്ചു.
2020 ഓഗസ്‌റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര നിർമാണത്തിനായി തറക്കല്ലിട്ടത്. മൂന്ന് നിലകളിലായി നിർമിക്കുന്ന ക്ഷേത്രത്തിന്റെ ഒന്നാം നിലയിലാകും രാം ദർബാർ. 360 അടി നീളവും 235 അടി വീതിയുമാണ് ആകെ അളവ്. ആധുനിക ആർട്ട് ഡിജിറ്റൽ മ്യൂസിയം, സന്യാസിമാർക്കായുള്ള ഇടം, ഓഡിറ്റോറിയം, ഭരണനിർവഹണ കാര്യാലയങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ക്ഷേത സമുച്ചയം.