ഭക്ഷ്യസുരക്ഷാ വകുപ്പിനെ അട്ടിമറിക്കുന്നത് ഉദ്യോഗസ്‌ഥ ലോബി; സർക്കാർ പൂർണപരാജയം- വിഡി സതീശൻ

ഭക്ഷ്യസുരക്ഷാ വകുപ്പിനെ അട്ടിമറിക്കുന്നത് ഉദ്യോഗസ്‌ഥ ലോബി; സർക്കാർ പൂർണപരാജയം- വിഡി സതീശൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്‌ഥാനത്ത്‌ ഭക്ഷ്യസുരക്ഷ നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് വിഡി സതീശൻ ആരോപിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിനെ അട്ടിമറിക്കുന്നത് ഉദ്യോഗസ്‌ഥ ലോബി ആണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

കാസർഗോഡ് കുഴിമന്തി കഴിച്ചതിന് ശേഷം ഭക്ഷ്യവിഷബാധയെ തുടർന്ന് പെൺകുട്ടി മരിച്ചതിന് പിന്നാലെയാണ് വിഡി സതീശന്റെ പ്രതികരണം. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയെ തുടർന്ന് രണ്ടു മരണങ്ങളാണ് സംസ്‌ഥാനത്ത്‌ റിപ്പോർട് ചെയ്‌തത്‌. എല്ലാ ദിവസവും റിപ്പോർട് ചെയ്യപ്പെടുന്ന ഭീതിതമായ അവസ്‌ഥയിലേക്ക് സംസ്‌ഥാനം എത്തിയിരിക്കുകയാണ്-വിഡി സതീശൻ പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ കാലം മുതൽക്കേ ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിൽ ഒന്നാം സ്‌ഥാനത്ത്‌ ആയിരുന്ന കേരളം 2022ൽ ആറാം സ്‌ഥാനത്തേക്ക്‌ തള്ളപ്പെട്ടത് തന്നെ സംസ്‌ഥാനത്തെ ഭക്ഷ്യസുരക്ഷയുടെ പരാജയം വ്യക്‌തമാക്കുന്നതാണ്. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്‌ഥതയും കാര്യക്ഷമത ഇല്ലായ്‌മയുമാണ് വീടിന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അവസ്‌ഥയിലേക്ക് നമ്മുടെ സംസ്‌ഥാനത്തെ എത്തിച്ചത്. ഭക്ഷ്യസുരക്ഷ നടപ്പിലാക്കുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടുവെന്നും വിഡി സതീശൻ ആരോപിച്ചു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട സംസ്‌ഥാന ഭക്ഷ്യസുരക്ഷാ വകുപ്പും അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ആരോഗ്യ വകുപ്പും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ഭക്ഷ്യസുരക്ഷ സംബന്ധിച്ച വാർത്തകളും പരാതികളും ഉണ്ടാകുമ്പോൾ മാത്രം പരിശോധനക്ക് ഇറങ്ങുന്ന രീതിയിലാണ് സംസ്‌ഥാന ഭക്ഷ്യസുരക്ഷാ വകുപ്പും സ്വീകരിക്കുന്നത്.

അന്തർ ജില്ലാ സ്‌ക്വാഡുകളുടെ പരിശോധനയും ദ്രുതകർമ സേനയുടെ പ്രവർത്തനവും സർക്കാരിലെ ഉന്നതരുടെ മൗനാനുവാദത്തോടെ ഉദ്യോഗസ്‌ഥ ലോബി അട്ടിമറിച്ചു. ടോൾ ഫ്രീ നമ്പറുകളിലേക്ക് വിളിക്കുന്നവരെ പരിഹസിക്കുന്ന ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്നും എന്ത് നീതിയാണ് സാധാരണക്കാർ ഇനിയും പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനകൾ കർശനമാക്കുമെന്ന് പ്രഖ്യാപിക്കാതെ ശാസ്‌ത്രീയവും പ്രായോഗികവുമായ നടപടികളിലൂടെ ഭക്ഷ്യസുരക്ഷാ വകുപ്പിനെ പ്രവർത്തന സജ്‌ജമാക്കിയാൽ മാത്രമേ സംസ്‌ഥാനത്ത്‌ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാവൂ. ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാകണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

അതേസമയം. കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ ഉൾപ്പടെ മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് മേൽപ്പറമ്പ് പോലീസ് കേസെടുത്തത്. കാസർഗോഡ് തലക്ളായിലെ അഞ്‌ജുശ്രി പാർവതിയാണ്(19) മരിച്ചത്.

ഹോട്ടലിൽ നിന്നും ഓൺലൈൻ ആയി വരുത്തിച്ച കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്‌ജുശ്രിക്ക് ശാരീരിക അസ്വസ്‌ഥതകൾ ആരംഭിച്ചത്. ഗുരുതരാവസ്‌ഥയിലായ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

അതിനിടെ, ആഹാരം നൽകിയ അൽ റോമൻസിയ ഹോട്ടലിലേക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തി. സ്‌ത്രീകൾ അടക്കമുള്ള പ്രവർത്തകർ മുദ്രാവാക്യവുമായി ഹോട്ടലിന് മുന്നിൽ പ്രതിഷേധിച്ചു. ഇവരെ പോലീസ് എത്തി നീക്കി. പെൺകുട്ടിയുടെ മരണം ഭക്ഷ്യവിഷബാധ മൂലമാണെന്നാണ് പ്രാഥമിക നിഗമനമെന്ന ഡിഎംഒ ഡോ. രാംദാസ് പറഞ്ഞു. പരിയാരത്തെ പരിശോധനക്ക് ശേഷം അന്തിമ സ്‌ഥിരീകരണം ഉണ്ടവുകയുള്ളൂവെന്നും ഡിഎംഒ വ്യക്‌തമാക്കി.