ഒമിക്രോൺ ടെസ്റ്റിന്റെ പേരിലും സംസ്ഥാനത്ത് സൈബർ തട്ടിപ്പിന് നീക്കം. ജാഗ്രതാ നിർദ്ദേശവുമായി പോലീസ് ഒമിക്രോണിനായുള്ള പിസിആർ ടെസ്റ്റുമായി ബന്ധപ്പെട്ട് സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പേരിൽ വ്യാജ ഇ-മെയിൽ, ലിങ്കുകൾ എന്നിവ അയച്ചു നൽകിയാണ് തട്ടിപ്പെന്ന് പോലീസ് പറഞ്ഞു.
ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ സ്വകാര്യ, സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുടെ ഒറിജിനൽ വെബ്‌സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന കോവിഡ് 19 ഒമിക്രോൺ ടെസ്റ്റ് എന്ന തലക്കെട്ടോടു കൂടിയ വ്യാജ വെബ്‌സൈറ്റിൽ പ്രവേശിക്കുന്നു. അതിൽ കൊറോണ, ഒമിക്രോൺ എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒഴിവാക്കുവാൻ ജനങ്ങളെ അനുവദിക്കുന്ന സൗജന്യ ഒമിക്രോൺ ടെസ്റ്റ് എന്ന വാഗ്ദാനം അവതരിപ്പിക്കുന്നു.
ഇതിനായി പേര്, ജനന തീയതി, മേൽവിലാസം, മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ് എന്നിവയും രജിസ്‌ട്രേഷൻ ചെയ്യുന്നതിനായി ചെറിയ ഒരു തുകയും ആവശ്യപ്പെടുന്നു. മാത്രമല്ല തുക നൽകുവാൻ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് നൽകുവാൻ തട്ടിപ്പുകൾ ഇത്തരം സൈറ്റിലൂടെ ആവശ്യപ്പെടുന്നു. ഇങ്ങനെ നൽകുന്ന വ്യക്തികളുടെ ബാങ്ക് ഡീറ്റെയിൽസ് കൈവശപ്പെടുത്തുന്ന തട്ടിപ്പുകാർ ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്തുകയാണെന്നും പോലീസ് വിശദീകരിച്ചു.
വെബ്‌സൈറ്റുകളുടെ ഡൊമൈൻ യുആർഎൽ എന്നിവ സൂക്ഷ്മമായി പരിശോധിക്കണമെന്നും ഇതിനായി ആരോഗ്യ സേവനങ്ങളുടെയും സർക്കാർ സേവനങ്ങളുടെയും ഔദ്യോഗിക വെബ്‌സൈറ്റുകൾ മാത്രം ഉപയോഗിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. ഇത്തരം അനുഭവങ്ങൾ നേരിട്ടാൽ cybercrime.gov.in എന്ന പോർട്ടലിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യണമെന്നും പോലീസ് അഭ്യർത്ഥിക്കുന്നു.