വാഷിംങ്ടണ്‍: അമേരിക്ക ആസ്ഥാനമായുള്ള ഫോര്‍ച്യൂണ്‍ മാസിക പുറത്തുവിട്ട ലോകത്തിലെ ശക്തരായ 50 വനിതകളുടെ പട്ടികയില്‍ മലയാളിയായ ആലീസ് വൈദ്യനും. പൊതുമേഖലയിലെ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (ജി.ഐ.സി. റീ) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് അവര്‍. ആദ്യമായാണ് ഒരു വനിത ലോക പ്രശസ്തമായ ഈ പട്ടികയില്‍ ഇടം പിടിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് ഇത്തവണ പട്ടികയില്‍ ഇടം നേടിയത് ആലീസ് മാത്രമാണ്. 50 പേരുടെ പട്ടികയില്‍ 47-ാം സ്ഥാനത്താണ് അവര്‍. ബിസിനസ് രംഗത്തെ ശക്തരായ ആഗോള വനിതകളുടെ കൂട്ടത്തില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ആലീസ് വൈദ്യന്‍ പറഞ്ഞു.
മാവേലിക്കര സ്വദേശിയായ ആലീസ് 2016 ജനുവരിയിലാണ് ജി.ഐ.സി. റീ-യുടെ തലപ്പത്തെത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിലെ പത്താമത്തെ വലിയ റീ ഇന്‍ഷുറന്‍സ് കമ്പനിയായി ജി.ഐ.സി.യെ വളര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. 11,370 കോടി രൂപയുടെ ഐ.പി.ഒ.യും ആലീസിന്റെ നേതൃത്വത്തിലാണ് വിജയകരമായി നടപ്പാക്കിയത്.
ഫാര്‍മ, എഫ്.എം.സി.ജി. രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലാക്സോ സ്മിത്ത് ക്ലെയിന്‍ സി.ഇ.ഒ. എമ്മ വാംസ്ലിയാണ് അതിശക്തരായ 50 വനിതകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ തവണ പട്ടികയിലുണ്ടായിരുന്ന ഇന്ത്യക്കാരായ ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ മേധാവി ചന്ദാ കൊച്ചാറും ആക്സിസ് ബാങ്കിന്റെ ശിഖ ശര്‍മയും ഇത്തവണ ഇടംപിടിച്ചില്ല.