പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിലെ അക്രമങ്ങളിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. പോപ്പുലർ ഫ്രണ്ടിന്റെയും, അബ്ദുൾ സത്താറിന്റെയും സ്വത്ത് വകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. രജിസ്റ്റർ ചെയ്ത മുഴുവൻ ഹർത്താൽ ആക്രമണക്കേസുകളിലും ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നവംബർ ഏഴിന് ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാനാണ് നിര്‍ദ്ദേശം.
സെപ്റ്റംബർ 23 നാണ് പോപ്പുലർ ഫ്രണ്ട് സ്ഥാപനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുകയും നേതാക്കളെ കൂട്ടമായി അറസ്റ്റു ചെയ്തു ജയിലിലടയ്ക്കുകയും ചെയ്തതിനെതിരെ പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത്. ഹർത്താലിനെതിരെ ജസ്റ്റിസ് എ കെ ജയശങ്കരൻ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഹർത്താൽ നിയമവിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി, ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യത്തിനു നടപടി നിർദേശിച്ചിരുന്നു. സ്വകാര്യ സ്വത്തിനും പൊതു മുതലിനും നാശം വരുത്തിയവർക്കെതിരെ പ്രത്യേകം കേസെടുക്കാനും ആവശ്യപ്പെട്ടു.
English Summary: High Court seeks information on confiscation of Popular Front’s property