കുമ്പള: ഇന്‍ഷുറന്‍സ് തുക തട്ടാനായി ഭാര്യയെ മൂന്ന് തവണ കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഭര്‍ത്താവ് ഭാര്യയുടെ പേരിലെടുത്ത ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടാനാണ് കൊല്ലാന്‍ നോക്കിയതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാട്ടില്‍ ചര്‍ചയായ സംഭവം നടന്നത്.
പ്രശ്‌നത്തില്‍ മധ്യസ്ഥര്‍ ഇടപെട്ടതിനാല്‍ യുവതി ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. സ്ത്രീധനമായി നല്‍കിയ 57 പവന്‍ സ്വര്‍ണാഭരണം തിരിച്ചുലഭിക്കുന്നതിന് വേണ്ടിയാണ് പരാതി നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നതെന്നാണ് വിവരം. ഇപ്പോള്‍ യുവതിയുടെ സ്വര്‍ണം മടക്കി കിട്ടിയതായി സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. എഡിജിപി തലത്തില്‍ പൊലീസ് ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണ്.
വിവാഹ ശേഷം ഭാര്യാ – ഭര്‍ത്താക്കന്മാരുടെ പേരില്‍ ഒരുകോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുണ്ടെന്നാണ് വിവരം. തന്റെ പേരില്‍ ഒരുകോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തുവെന്ന് യുവതി മധ്യസ്ഥരോട് പറഞ്ഞിട്ടുണ്ട്. പോളിസി എടുത്ത ശേഷം മധുവിധു ആഘോഷിക്കാന്‍ കോഴിക്കോട്ടേക്ക് പോയപ്പോള്‍ അവിടെവെച്ച് ട്രെയിനില്‍ നിന്ന് തള്ളിയിടാന്‍ ശ്രമിച്ചെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷം കാറിലിരുത്തി യാത്ര ചെയ്യുന്നതിനിടയില്‍ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ കാര്‍ നിര്‍ത്തി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ കാറിന്റെ എന്‍ജിനില്‍ ഒഴിച്ച് തീവെച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നും സംഭവം കണ്ട് പുറത്തേക്ക് ചാടിയതിനാല്‍ തലനാരിഴകയ്ക്ക് രക്ഷപ്പെട്ടുവെന്നും യുവതി ബന്ധുക്കളെയും മധ്യസ്ഥരെയും അറിയിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ ഭര്‍തൃവീട്ടില്‍ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നും യുവതി പറയുന്നു. കാര്‍ കത്തിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഇന്‍ഷുറന്‍സ് കംപനിയില്‍ നിന്ന് നാല് ലക്ഷം രൂപ നഷ്ടപരിഹാരമായി കൈ പറ്റിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കുന്നു. കാര്‍ അപകടത്തില്‍ നശിച്ചതാണെന്ന പൊലീസ് റിപോര്‍ടിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം ലഭിച്ചത്. കാറിന് തീപിടിച്ചപ്പോള്‍ അതിനകത്തുണ്ടായിരുന്ന യുവതി അന്ന് പരാതി ഉന്നയിക്കാതിരുന്നത് ദുരൂഹതയായി നിലനില്‍ക്കുന്നുണ്ട്.
ഭര്‍ത്താവിനെ നഷ്ടപ്പെടരുതെന്ന ആഗ്രഹം കൊണ്ടാണ് അന്ന് ഇക്കാര്യം മിണ്ടാതിരുന്നതെന്നും ഭര്‍ത്താവ് തന്നെ ഉപേക്ഷിക്കുമെന്ന് ബോധ്യപ്പെട്ടതോടെയാണ് സത്യങ്ങള്‍ തുറന്നുപറയാന്‍ ഇപ്പോള്‍ തയ്യാറായതെന്നും യുവതി മധ്യസ്ഥരോട് പറഞ്ഞിട്ടുണ്ട്. മൂന്നാമത്തെ വധശ്രമവും പരാജയപ്പെട്ടതോടെ തന്നെ തലോടിക്കൊണ്ട് നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്താമെന്നും മതപരമായി വിവാഹ ബന്ധം തുടരാന്‍ തന്നെയാണ് ആഗ്രഹമെന്നും ഇയാള്‍ പറഞ്ഞതോടെ നടന്ന കാര്യങ്ങളെല്ലാം വീട്ടുകാരെ അറിയിച്ചെന്നാണ് യുവതി പറയുന്നത്.
‘വിവാഹ സമയത്ത് വീട്ടുകാര്‍ 50 പവന്‍ നല്‍കിയിരുന്നു. ഇതുകൂടാതെ ഏഴ് പവന്‍ സ്വര്‍ണം സമ്മാനമായും ലഭിച്ചിരുന്നു. ഇതടക്കം ഭര്‍ത്താവ് കൈക്കലാക്കിയിരുന്നു’, യുവതി പരാതിപ്പെട്ടു. ഇതേകുറിച്ച് മധ്യസ്ഥര്‍ ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ എന്തുസ്വര്‍ണം, ഏത് സ്വര്‍ണമെന്ന് ചോദിച്ച ഭര്‍ത്താവ്, കുടുങ്ങുമെന്നായപ്പോള്‍ തൊഴുത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് കുഴിച്ചുമൂടിയ സ്വര്‍ണം എടുത്ത് കൊടുത്തിട്ടുണ്ടെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. കാസർഗോഡുള്ള ഒരു ഓൺലൈൻ ന്യൂസ് പോർട്ടലാണ് ഇത്തരത്തിൽ ന്യൂസ് പുറത്തു വിട്ടിരിക്കുന്നത്
പരാതി നല്‍കാതെയും പരാതി പറഞ്ഞും പുകയുന്ന ഈ സംഭവം പൊലീസിനും തലവേദനയായി മാറിയിട്ടുണ്ട്. വിവാഹ ബന്ധം ഉലയുമ്പോള്‍, കൊടുത്ത സ്വര്‍ണവും പണവും കിട്ടാന്‍ കഥകള്‍ മെനയാറുണ്ടെന്നും ഇതും അതിന്റെ ഭാഗമാണോയെന്ന സംശയത്തിലുമാണ് പൊലീസ്. പരാതി രേഖാമൂലം നല്‍കിയാലുടന്‍ കേസെടുത്ത് അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. സത്യമുണ്ടെങ്കില്‍ പാറശ്ശാലയിലെ കഷായ കൊലയ്ക്ക് സമാനമായ സംഭവമായിരിക്കും കുമ്പളയിലേതെന്നാണ് നാട്ടുകാര്‍ പറയുന്നത്.