നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് നടുവേദനയും. നടുവേദന വന്നാൽ വേദന സംഹാരി കഴിച്ച് താൽക്കാലികാശ്വാസം തേടുന്നവരാകും പലരും. എന്നാൽ ഈ നടുവേദനയെ നിസ്സാരമായി കാണരുതേ. പല കാരണങ്ങള്‍ കൊണ്ട് നടുവേദനയുണ്ടാകാം. നടുവിനുണ്ടാകുന്ന വേദനയ്ക്കു കാരണങ്ങള്‍ പലതുണ്ടാകാം. ചിലത് ചില അവയവങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പോലും ഇതിനു കാരണമാകാം. ഇത് അത്ര നിസാരമാക്കി തള്ളിക്കളയാനുമാകില്ല. ക്യാന്‍സര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ എന്നിവയുടെ സൂചന കൂടിയാണ് നടുവേദന.
നിസാരമായ കാരണങ്ങള്‍ മൂലം, നിസാരമായി പരിഹരിക്കാവുന്ന തരത്തിലുള്ള വേദന തൊട്ട് ക്യാൻസര്‍ ലക്ഷണമായി വരെ നടുവേദന വരാം.
കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ പലരിലും ആശയക്കുഴപ്പമോ ആശങ്കയോ എല്ലാം ഉണ്ടായേക്കാം. എങ്കിലും ഇത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പ്രത്യേകം ഓര്‍മ്മിക്കേണ്ട കാര്യം, നടുവേദന എല്ലായ്പോഴും അര്‍ബുദരോഗത്തിന്‍റെ തന്നെ ലക്ഷണമാകണമെന്നില്ല എന്നതാണ്. ആദ്യമേ സൂചിപ്പിച്ചത് പോലെ പല കാരണങ്ങള്‍ കൊണ്ടും നടുവേദന വരാം.
ആഗ്നേയഗ്രന്ഥി അഥവാ പാൻക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം മൂര്‍ച്ഛിച്ച് അത് മറ്റിടങ്ങളിലേക്ക് പരക്കുന്നതിന്‍റെ സൂചനയായി നടുവേദന കാണുന്നതിനെ കുറിച്ചാണിനി പ്രത്യേകമായി വിശദീകരിക്കുന്നത്. പാൻക്രിയാസ് ക്യാൻസര്‍ ലക്ഷണങ്ങള്‍ പലരും ശ്രദ്ധിക്കാതെ പോവുകയും അത് സമയത്തിന് കണ്ടെത്തപ്പെടാതെ മറ്റ് അവയവങ്ങളിലേക്കും പരക്കുകയും ചെയ്യുന്നതോടെയാണ് ലക്ഷണമായി കടുത്ത നടുവേദന കാണുക.
തുടര്‍ച്ചയായ നടുവേദനയായിരിക്കും ഇതില്‍ അനുഭവപ്പെടുക. അതും സാമാന്യം ശക്തിയേറിയ വേദന തന്നെയായിരിക്കും. എല്ലുകളിലെ കോശകലകള്‍ നശിച്ചുപോകുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തില്‍ അസഹ്യമായ വേദന അനുഭവപ്പെടുന്നത്.
പാൻക്രിയാസ് ക്യാൻസറില്‍ മറ്റ് അവയവങ്ങളിലേക്ക് രോഗം പകര്‍ന്നില്ലെങ്കിലും നടുവേദന ലക്ഷണമായി വരാറുണ്ട്. എന്നാല്‍ ഈ ഘട്ടത്തില്‍ മിക്കവരും ഇത് അശ്രദ്ധമായി കൈകാര്യം ചെയ്യാൻ സാധ്യതകളേറെയാണ്. ക്യാൻസര്‍ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുമ്പോള്‍ വേദനയുടെ തീവ്രത കൂടുന്നു. കിടക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ വേദന മൂര്‍ച്ഛിക്കാം.
പാൻക്രിയാസ് ക്യാൻസറാണെങ്കില്‍ ആദ്യം വയറ്റിനകത്താണ് പരക്കുക. കരള്‍, ശ്വാസകോശം, എല്ലുകള്‍, തലച്ചോര്‍ എന്നിങ്ങനെ മറ്റ് അവവങ്ങളിലേക്കും ഇതെത്താം. പാൻക്രിയാസ് ക്യാൻസറിന്‍റെ പ്രധാന ലക്ഷണങ്ങള്‍ കൂടി ഇക്കൂട്ടത്തില്‍ മനസിലാക്കാം.
വയറിന്‍റെ മുകള്‍ഭാഗത്തായി വേദന- ഇത് നടുവിലേക്കും പടരുന്നതായി തോന്നാം, മഞ്ഞപ്പിത്തം, തളര്‍ച്ച, വിശപ്പില്ലായ്മ, ഇളംനിറത്തിലുള്ള മലം, മൂത്രത്തിന് കടുത്ത നിറം, ശരീരഭാരം കുറയുന്നത്, രക്തം അവിടവിടെയായി കട്ട പിടിച്ചിരിക്കുന്ന അവസ്ഥ, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, പുതുതായി പ്രമേഹം പിടിപെടുകയോ ഉള്ള പ്രമേഹം അധികരിക്കുകയോ ചെയ്യുക, ഓക്കാനവും ഛര്‍ദ്ദിയും എന്നിവയെല്ലാമാണ് പാൻക്രിയാസ് ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍.
ഈ ലക്ഷണങ്ങളില്‍ പലതും ആളുകള്‍ നിസാരമായി കണക്കാക്കാറുണ്ട്. എന്നാല്‍ പാൻക്രിയാസ് ക്യാൻസര്‍ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുമ്പോള്‍ നടുവേദന അടക്കം അസഹനീയമായ ശരീരവേദന അനുഭവപ്പെടാം. ഒപ്പം തന്നെ എല്ലുകള്‍ ദുര്‍ബലമാവുകയും, പൊട്ടലുണ്ടാവുകയും ചെയ്യാം. രക്തത്തില്‍ കാത്സ്യത്തിന്‍റെ അളവ് കൂടി ഹൈപ്പര്‍ കാത്സീമിയ എന്ന അവസ്ഥയുണ്ടാകാം. ഇത് നിര്‍ജലീകരണത്തിലേക്കും ചിന്തകളില്‍ അവ്യക്തത വരുന്നതിലേക്കും ഉദരസംബന്ധമായ പ്രശ്നങ്ങളിലേക്കുമെല്ലാം നയിക്കും. രക്തത്തിലെ കോശങ്ങളും കുറഞ്ഞുവരാം.
ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ നിത്യജീവിതത്തില്‍ നേരിടുന്ന എല്ലാ ആരോഗ്യപ്രശ്നങ്ങളെയം നിസാരമായി തള്ളിക്കളയരുത്. പ്രത്യേകിച്ച് ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍.