മഴക്കെടുതി; രണ്ടു ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ നിയന്ത്രിത അവധി

മഴക്കെടുതി; രണ്ടു ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ നിയന്ത്രിത അവധി

തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ രണ്ടു ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂർ സെന്റ് ജോൺസ് യുപി സ്‌കൂൾ, തിരുവാർപ്പ് സെന്റ് മേരീസ് എൽപി സ്‌കൂൾ, കിളിരൂർ എസ്എൻഡിപി ഹയർ സെക്കണ്ടറി സ്‌കൂൾ എന്നീ വിദ്യാലയങ്ങൾക്കാണ് നാളെ അവധി.

ചെങ്ങളം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ടെങ്കിലും അവധി ബാധകമല്ല. തിരുവനന്തപുരം ജില്ലയിൽ, തിരുവനന്തപുരം താലൂക്കിൽപ്പെടുന്ന മൂന്ന് സ്‌കൂളുകൾക്കാണ് ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചത്. കൊഞ്ചിറവിള യുപി സ്‌കൂൾ, വെട്ടുകാവ് എൽപി സ്‌കൂൾ, ഗവ, എംഎൻഎൽപി സ്‌കൂൾ വെള്ളായണി എന്നിവിടങ്ങളിലാണ് അവധി.

അതേസമയം, സംസ്‌ഥാനത്ത്‌ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്‌ത ശക്‌തമായ മഴക്ക് ശമനമായി. തെക്കൻ കേരളത്തിൽ തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരുന്നത്. എങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ നിലയിൽ മഴയുണ്ടായിരുന്നില്ല. ചുരുക്കം ചില സ്‌ഥലങ്ങളിൽ മാത്രമാണ് മഴ പെയ്‌തത്‌.