ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ ആംആദ്‌മി പാർട്ടി എംപി സഞ്‌ജയ് സിങ് അറസ്‌റ്റിൽ. പത്ത് മണിക്കൂർ നീണ്ട റെയ്‌ഡിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സഞ്‌ജയ് സിങ് എംപിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സഞ്‌ജയ് സിംഗിന്റെ വസതിയിൽ എത്തിയത്. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശോധനകൾക്ക് ഒടുവിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ഇതോടെ ഡെൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലാകുന്ന മൂന്നാമത്തെ എഎപി നേതാവായിരിക്കുകയാണ് സഞ്‌ജയ് സിങ്. കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഫെബ്രുവരിയിൽ അറസ്‌റ്റ് ചെയ്‌തിരുന്നു. അതേസമയം, എഎപി പ്രവർത്തകരുടെ വലിയ പ്രതിഷേധത്തിനിടെയാണ് എംപിയെ അറസ്‌റ്റ് ചെയ്‌ത് കൊണ്ടുപോയത്.
എഎപി നേതാവിന്റെ അറസ്‌റ്റിൽ വലിയ പ്രതിഷേധമാണ് പ്രവർത്തകരിൽ നിന്നുണ്ടായത്. പ്രതിഷേധത്തെ തുടർന്ന് സഞ്‌ജയ് സിങ്ങിന്റെ വസതിക്ക് മുന്നിൽ ഡെൽഹി പോലീസ് ബാരിക്കേഡുകൾ സ്‌ഥാപിച്ചിരുന്നു. എന്നാൽ, പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമാറ്റിയാണ് പ്രതിഷേധിച്ചത്. ഇതോടെ സ്‌ഥലത്തു കൂടുതൽ കേന്ദ്ര സേനയെ വിന്യസിക്കുകയായിരുന്നു. അതിനിടെ വീടിന് മുന്നിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷവുമുണ്ടായി. ഇതിനെ തുടർന്ന് പ്രതിഷേധിച്ചവരെ പോലീസ് കസ്‌റ്റഡിയിലെടുത്ത് നീക്കി.
അതേസമയം, മോദിയുടെ വേട്ടയാടൽ തിരഞ്ഞെടുപ്പ് പരാജയം ഭയന്നാണെന്ന് എഎപി പ്രതികരിച്ചു. അറസ്‌റ്റ് രാഷ്‌ട്രീയ പ്രതികരമാണെന്നും എഎപി പ്രതികരിച്ചു. 2012- 22ലെ ഡെൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടു അഴിമതി ആരോപണങ്ങൾ ഉയർന്നതിന്റെ പശ്‌ചാത്തലത്തിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തതും സിബിഐ അന്വേഷണം ആരംഭിച്ചതും. തുടർന്ന് മദ്യനയം സർക്കാരിന് പിൻവലിക്കേണ്ടി വന്നു. കേസുമായി ബന്ധപ്പെട്ടു ഏപ്രിലിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു.
നയരൂപീകരണത്തിൽ മദ്യ കമ്പനികളുടെ ഇടപെടലുണ്ടായെന്നും സ്‌ഥാപനങ്ങൾക്ക് 12 ശതമാനം ലാഭം ലഭിക്കുന്ന അവസ്‌ഥ ഉണ്ടായെന്നും സിബിഐ കണ്ടെത്തി. ‘സൗത്ത് ഗ്രൂപ്പ്’ എന്നറിയപ്പെടുന്ന മദ്യലോബി ഇതിനായി വൻതുക കൈക്കൂലി നൽകിയെന്നും സിബിഐ ആരോപിക്കുന്നു. 12 ശതമാനം ലാഭത്തിൽ നിന്ന് 6 ശതമാനം ഇടനിലക്കാർ വഴി പൊതുപ്രവർത്തകർക്ക് ലഭിച്ചുവെന്നും സിബിഐ അവകാശപ്പെടുന്നു. കൈക്കൂലിയായി ലഭിച്ച പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസാണ് ഇഡി അന്വേഷിക്കുന്നത്.