കൊച്ചി: കരുവന്നൂർ കേസിലെ പ്രതികളെ വീണ്ടും രണ്ടു ജയിലുകളിലാക്കാൻ പിഎംഎൽഎ പ്രത്യേക കോടതി നിർദ്ദേശം. കേസിലെ ഒന്നും രണ്ടും പ്രതികളായ പി സതീഷ് കുമാർ, കിരൺ എന്നിവർ കാക്കനാട് ജില്ലാ ജയിലിൽ തുടരും. മൂന്നും നാലും പ്രതികളായ പിആർ അരവിന്ദാക്ഷൻ, ജിൽസ് എന്നിവരെ വീണ്ടും എറണാകുളം സബ് ജയിലിലേക്ക് മാറ്റാനാണ് കോടതി നിർദ്ദേശം.
പ്രതികളെ കോടതിയും ഇഡിയും അറിയാതെ ഒരേ ജയിലിൽ പാർപ്പിച്ചു ജയിൽ അധികൃതരുടെ ഗുരുതര വീഴ്‌ചയെക്കുറിച്ചു റിപ്പോർട് പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം റിമാൻഡിലായ സിപിഎം കൗൺസിലർ അരവിന്ദാക്ഷൻ, സികെ ജിൽസ് എന്നിവരെയാണ് സബ് ജയിലിൽ നിന്ന് മറ്റു രണ്ടു പ്രതികളെ പാർപ്പിച്ചിരിക്കുന്ന ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. സംഭവത്തിൽ സബ് ജയിൽ സൂപ്രണ്ടിനോട് കോടതി വിശദീകരണം തേടുകയും ചെയ്‌തു.
കള്ളപ്പണ ഇടപാടിലെ മുഖ്യപ്രതി സതീഷ് കുമാർ റിമാൻഡിലുള്ള ജില്ലാ ജയിലിലേക്ക് പിആർ സബ് മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ഇഡി ആരോപിച്ചിരുന്നു. ഇരുവരെയും തമ്മിൽ മാറ്റണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജയിലിൽ നാല് പ്രതികളെയും ഒരുമിച്ചു പാർപ്പിക്കരുതെന്ന് ഇഡി കോടതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ നാല് പ്രതികളെയും രണ്ടു ജയിലിലേക്കാണ് അയച്ചത്.
ആദ്യം അറസ്‌റ്റിലായ സതീഷ് കുമാർ, പിപി കിരൺ എന്നിവരെ റിമാൻഡ് ചെയ്‌ത് ജില്ലാ ജയിലിലേക്കാണ് അയച്ചത്. പിആർ അരവിന്ദാക്ഷനെയും ജിൽസിനെയും കഴിഞ്ഞ മാസം 28ന് റിമാൻഡ് ചെയ്‌ത് സബ് ജയിലിലേക്കും മാറ്റി. എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ ഇരുവരെയും ജയിൽ സൂപ്രണ്ട് ജില്ലാ ജയിലിലേക്ക് മാറ്റി. സബ് ജയിലിൽ പരമാവധി ഉൾക്കൊള്ളാനാകുന്നതിന്റെ മൂന്നിരട്ടി തടവുകാരുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ജയിൽ ഡിഐജിയുടെ നിർദ്ദേശപ്രകാരമാണെന്നും സൂപ്രണ്ട് വ്യക്‌തമാക്കിയിരുന്നു. ജയിൽ മാറ്റത്തിന് ശേഷമാണ് കോടതിയെപ്പോലും ജയിൽ ഡിഐജി വിവരമറിയിച്ചത്. ഇഡി ഉദ്യോഗസ്‌ഥർ ഇന്നലെ കോടതിയിൽ എത്തിയപ്പോഴാണ് വിവരമറിഞ്ഞത്. ഇതോടെ പ്രതികളെ മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന് ഇഡി കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.