അബുദാബി: യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാനൊരുങ്ങി നൂറ അൽ മത്‌റൂഷി. (Noora Al Matrushi became UAE’s first female astronaut) നൂറയും സംഘവും അടുത്ത വർഷം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ആണ് യുഎഇയുടെ ഏറ്റവും പുതിയ ദൗത്യത്തെ കുറിച്ച് പ്രഖ്യാപിച്ചത്.
ദുബായിലെ മുഹമ്മദ് ബിൻ റഷീദ് സ്‌പേസ് സെന്ററിൽ നടന്ന യോഗത്തിന് ശേഷമാണ് അദ്ദേഹം എക്‌സ് പ്ളാറ്റുഫോഫോം വഴി പ്രഖ്യാപനം നടത്തിയത്. നൂറയ്‌ക്കൊപ്പം മുഹമ്മദ് അൽ മുല്ലയും യാത്ര തിരിക്കും. അറബ് ലോകത്തെ ഏറ്റവും നൂതന ഉപഗ്രഹമായ ‘എംബിസെഡ് സാറ്റ്’ അടുത്ത വർഷം വിക്ഷേപിക്കുമെന്നും ദുബായ് കിരീടാവകാശി അറിയിച്ചു.
ദുബായ് പോലീസ് മുൻ ഹെലികോപ്‌ടർ പൈലറ്റായ മുഹമ്മദ് അൽ മുല്ലയെയും എൻജിനിയർ നൂറ അൽ മത്‌റൂഷിനെയും 2021ൽ ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെടുത്തിരുന്നു. തുടർന്ന് നാസ പരിശീലന കേന്ദ്രത്തിലേക്ക് അയച്ചു. ഇവിടെ അവസാനഘട്ട പരിശീലനത്തിലാണ് ഇരുവരും. അടുത്തിടെയാണ് ആറു മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സുൽത്താൻ അൽ നെയാദി തിരികെ യുഎയിലെത്തിയത്. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവും.
വനിതാ ശാക്‌തീകരണം ബഹിരാകാശത്തോളം ഉയർത്തുന്ന യുഎഇയുടെ പ്രഖ്യാപനത്തെ ഹർഷാരവത്തോടെയാണ് ജനം വരവേറ്റത്. ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ യുഎഇക്ക് സുപ്രധാന പങ്കുണ്ട്. മാനവരാശിക്ക് ശാശ്വത നേട്ടങ്ങൾ കൈവരുന്ന പദ്ധതികളുടെ ആഗോള ബഹിരാകാശ വ്യവസായത്തിൽ യുഎഇയുടെ സ്‌ഥാനം ഉയർത്തുമെന്നും ദുബായ് കിരീടാവകാശി പറഞ്ഞു.