അൻവർ റഷീദിന്റെ സംവിധാനത്തിൽ മമ്മൂട്ടി, സായി കുമാർ, മനോജ് കെ. ജയൻ, പത്മപ്രിയ, സിന്ധു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാള ചലച്ചിത്രമാണ് രാജമാണിക്യം. വലിയ വീട്ടിൽ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ സിറാജ് വലിയ വീട്ടിൽ നിർമ്മിച്ച ഈ ചിത്രം വലിയ വീട്ടിൽ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി.എ. ഷാഹിദ് ആണ്. ഈ ചലച്ചിത്രത്തിൽ, മമ്മൂട്ടിയുടെ തിരുവനന്തപുരം ശൈലിയിലുള്ള സംഭാഷണ രീതി ശ്രദ്ധേയമാണ്. തിരുവനന്തപുരം ഭാഷാശൈലിയ്ക്ക് വളരെയേറെ പ്രചാരം കിട്ടിയത് ഈ സിനിമയോടെയാണ്. സിനിമയില്‍ മമ്മുട്ടിയെ തിരുവനന്തപുരം ശൈലി പഠിപ്പിച്ചത്, അക്കാലത്ത് തിരുവന്തപുരം ശൈലി മിമിക്സില്‍ ഉപയോഗിച്ചിരുന്ന സുരാജ് വെഞ്ഞാറമൂടായിരുന്നു.
രാജരത്നപിള്ള എന്ന വ്യവസായിയുടെ വളർത്തു മകനായ (ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകന്‍) രാജമാണിക്യം, രാജരത്നപിള്ളയുടെ മരണശേഷം അയാളുടെ സ്വത്തുക്കള്‍ നോക്കി നടത്താന്‍ എത്തുന്നതും, അതിനിടയില്‍ തന്റെ വളർത്തച്ഛന്റെ മക്കളെ നല്ലവരാക്കുന്നതുമാണു സിനിമയുടെ സാരംശം.