വവ്വാലിന്റെ കടിയേറ്റ കുഞ്ഞിന് പേവിഷബാധ. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. മെദിന കൗണ്ടിയില്‍ താമസിക്കുന്ന ദമ്പതികളുടെ കുഞ്ഞാണ് വവ്വാലിന്റെ ആക്രമണത്തിന് ഇരയായത്. കുഞ്ഞ് ടെക്‌സസിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.കുഞ്ഞിന്റെ പേരോ പ്രായമോ മറ്റ് വിശദവിവരങ്ങളോ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.
കുഞ്ഞിന് പേവിഷബാധ ഉണ്ടായതായും ഇത് മനുഷ്യരില്‍ അപൂര്‍വ്വമാണെന്നും ടെക്‌സസ് ആരോഗ്യ വകുപ്പ് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. എവിടെ വച്ചാണ് വവ്വാലുകള്‍ കുഞ്ഞിനെ ആക്രമിച്ചത് എന്ന കാര്യം വ്യക്തമല്ല. കുഞ്ഞുമായി സമ്പര്‍ക്കത്തിലായവരെ പരിശോധനയ്‌ക്ക് വിധേയമാക്കിയതായും ഇവര്‍ക്ക് കുത്തിവെപ്പ് എടുക്കണോ എന്ന കാര്യം പഠിച്ചുവരികയാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 12 വര്‍ഷത്തിനു ശേഷമാണ് ടെക്‌സസില്‍ മനുഷ്യരിലുള്ള പേവിഷ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വാര്‍ത്താ കുറിപ്പ് വിശദമാക്കുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം 600 മൃഗങ്ങളില്‍ പേവിഷ ബാധ കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതലും വവ്വാലുകള്‍ ആയിരുന്നു.