വാരിയംകുന്നൻ പ്രൊജക്ടിൽ നിന്ന് പ്രഥ്വിരാജും സംവിധായകൻ ആഷിഖ് അബുവും പിന്മാറി. 2020 ജൂണിൽ പ്രഖ്യാപനം നടന്ന ചിത്രമാണിത്. നിർമ്മാതാക്കളുമായുള്ള തർക്കം കാരണമാണ് സിനിമയിൽ നിന്ന് പിന്മാറിയതെന്നും ആഷിഖ് അബു അറിയിച്ചു.
വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ച് ഒന്നര വർഷത്തിന് ശേഷമാണ് സിനിമയിൽ നിന്നും പിന്മാറിയതായി സംവിധായകൻ വ്യക്തമാക്കുന്നത്. ഇതോടെ, സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായ സിനിമ പ്രഖ്യാപനത്തിനു അവസാനമുണ്ടായിരിക്കുകയാണ് എന്നാണ് വിലയിരുത്തൽ.
വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയേയും മലബാർ കലാപത്തെയും സംബന്ധിച്ച ചരിത്രം സിനിമയാക്കുമെന്നാണ് ആഷിഖ് അബു പ്രഖ്യാപിച്ചിരുന്നത്. മലബാർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറിൽ സിക്കന്തർ, മൊയ്തീൻ എന്നിവർ നിർമ്മിക്കുന്നുവെന്നാണ് പ്രഖ്യാപന സമയത്ത് അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്ന പോസ്റ്ററിൽ ഉണ്ടായിരുന്നത്. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിക് അബുവിനും നിർമ്മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹർഷദ്, റമീസ് എന്നിവരെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ, സിനിമയുടെ പ്രഖ്യാപനം നടന്നില്ല. ഇതോടെ വാരിയംകുന്നന്റെ ചിത്രീകരണം നടന്നേക്കില്ലെന്ന് ആരാധകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിൽ നിന്ന് പിന്മാറിയതായി ഔദ്യോഗിക സ്ഥിരീകരണം നടന്നത്.