ന്യൂഡൽഹി : ഇന്ധന ഇറക്കുമതി കുറക്കാന്‍ മുന്‍ സര്‍ക്കാറുകള്‍ ശ്രമിച്ചിരുന്നെങ്കില്‍ രാജ്യത്ത് പെട്രോള്‍ വില നൂറു കടക്കില്ലായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ ശശി തരൂര്‍ എം.പി. സര്‍ക്കാറിന്‍റെ തെറ്റായ പ്രവൃത്തികള്‍ മറച്ചു പിടിക്കുന്നതിനായി മുന്‍സര്‍ക്കാറിനെ കുറ്റപ്പെടുത്തി മോദി നുണ പ്രചരിപ്പിക്കുകയാണെന്ന് ശശി തരൂര്‍ പറഞ്ഞു.
ഏഴു വര്‍ഷമായി അധികാരത്തില്‍ തുടരുന്ന മോദി അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇപ്പോഴും 82 ശതമാനം അസംസ്കൃത എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. 2008 -09 കാലയളവില്‍ ഇറക്കുമതി 132.78 മെട്രിക് ടണ്ണായിരുന്നു. 2017-18 കാലയളവില്‍ ഇത് 220.43 മെട്രിക് ടണ്ണായി ഉയര്‍ന്നു. ഇതാണോ ഇറക്കുമതി ആശ്രിതത്വം കുറക്കല്‍? -ശശി തരൂര്‍ ചോദിച്ചു. പെട്രോള്‍ വില ഉയരുന്നതില്‍ മോദിയുടെ ന്യായീകരണം പങ്കുവെച്ചായിരുന്നു തരൂരിന്‍റെ ട്വീറ്റ്. കൂടാതെ രാജ്യത്തെ ഇന്ധന നികുതിയുടെ കണക്കും തരൂര്‍ പങ്കുവെച്ചു.
രാജ്യത്ത് പെട്രോള്‍ വില നൂറുകടന്നതിന്‍റെ ഉത്തരവാദിത്തം യു.പി.എ സര്‍ക്കാറിനാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം. വിലവര്‍ധനക്ക് കാരണം യു.പി.എ സര്‍ക്കാറിന്‍റെ തെറ്റായ നയങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ ഇന്ധന ഇറക്കുമതി ആശ്രയത്വം വര്‍ധിപ്പിച്ച് മധ്യവര്‍ഗത്തെ ഇന്നീ കാണുന്ന നിലയില്‍ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് യു.പി.എ നടത്തിയതെന്നും പറഞ്ഞു. മുന്‍ സര്‍ക്കാറുകള്‍ ശരിയായ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ജനങ്ങള്‍ ഇത്രയും ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു. താന്‍ വസ്തുതകള്‍ മാത്രമാണ് പറയുന്നതെന്നും ആരെയും കുറ്റപ്പെടുത്തുകയോ പഴിചാരുകയോ ചെയ്യുന്നില്ലെന്നും മോദി വിശദീകരിച്ചു. രാജ്യത്ത് ചരിത്രത്തിലാദ്യമായി പെട്രോള്‍ വില നൂറു കടന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.