പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണം: കോഴിക്കോട് മെഡിക്കൽ  കോളേജില്‍ ആരോഗ്യമന്ത്രിയെ തടയാന്‍ ശ്രമം

പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണം: കോഴിക്കോട് മെഡിക്കൽ കോളേജില്‍ ആരോഗ്യമന്ത്രിയെ തടയാന്‍ ശ്രമം

കോഴിക്കോട്:ആരോഗ്യമന്ത്രി കെ.കെ ശൈലജയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തടയാന്‍ ശ്രമം. കോവിഡ് കാലത്ത് ജോലി ചെയ്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കാനെത്തിയ തൊഴിലാളികളാണ് മന്ത്രിയെ തടയാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നിലാണ് പിരിച്ചുവിട്ട തൊഴിലാളികളുടെ പ്രതിഷേധമുണ്ടായത്. മന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്‍കാന്‍ തൊഴിലാളികള്‍ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും പോലീസ് അനുവദിച്ചില്ല. പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ രണ്ട് വഴികളിലൂടെ മന്ത്രിയെ കടത്തിവിടാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ തടഞ്ഞു. ഇതിനിടെയുണ്ടായ ഉന്തും തള്ളിലും ബിജു എന്ന താത്കാലിക ജീവനക്കാരന്‍ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു.

കോവിഡ് കാലത്ത് ജോലി ചെയ്ത 30 ഓളം ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 102 ദിവസമായി തൊഴിലാളികള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. മന്ത്രിയെ കണ്ട് പരാതി നല്‍കാന്‍ മാത്രമാണ് എത്തിയതെന്നും 100 ദിവസത്തിലേറെയായി സമരം ചെയ്യുന്ന തങ്ങളെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ അടക്കം ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും തൊഴിലാളികൾ പറഞ്ഞു. ഏഴോളം പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് മന്ത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയത്.

Back To Top
error: Content is protected !!